കാൽഗറിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ

By: 600110 On: Aug 29, 2026, 8:42 AM

കാൽഗറിയിൽ യുവാവിനെ മർദ്ദിച്ച് വശത്താക്കി കാറിൻ്റെ ട്രങ്കിൽ പൂട്ടിയിടുകയും, കൊള്ളയടിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഓഗസ്റ്റ് 18-ന് അർദ്ധരാത്രി ലിവിംഗ്സ്റ്റൺ ഏരിയയിലാണ് സംഭവം നടന്നത്.

31-കാരനായ യുവാവ് തൻ്റെ വളർത്തുനായയുമായി പാർക്കിലൂടെ നടക്കുമ്പോഴാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരാൾ എത്തിയത്. തുടർന്ന് മറ്റ് രണ്ട് പേർ കൂടി എത്തി കാറിൻ്റെ ട്രങ്കിലേക്ക് ബലമായി തള്ളിക്കയറ്റുകയായിരുന്നു. നഗരത്തിന് പുറത്തുള്ള ബാൽസാക്കിന് സമീപം വച്ച് യുവാവിനെ വണ്ടിയിൽ നിന്നും ഇറക്കിവിട്ട ശേഷം സംഘം കാറുമായി കടന്നുകളഞ്ഞു.

ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട യുവാവ് വഴിപോക്കനായ മറ്റൊരു ഡ്രൈവറുടെ സഹായത്തോടെയാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസും ഹെലികോപ്റ്റർ വിഭാഗവും നടത്തിയ സംയുക്ത തെരച്ചിലിൽ, അമിതവേഗതയിൽ പായുകയായിരുന്ന കാർ ഇന്നീസ്ഫെയ്ലിൽ വച്ച് തടഞ്ഞുനിർത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലാവുമ്പോൾ കാറിനുള്ളിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

അറസ്റ്റിലായവരിൽ 25 കാരിയായ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കവർച്ച, അപകടകരമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മൂന്നാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.