പി പി ചെറിയാന്‍
ജോര്‍ജിയ: സ്‌കൂള്‍ വെടിവെപ്പ് പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ അമ്മയെ വെടിവെച്ചു കൊന്ന ജോര്‍ജിയയില്‍ നിന്നുള്ള കൗമാരക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പതിനാറാം കാരിയായ ലിലിയാന വാഗ്‌നറാണ് കുറ്റസമ്മതം നടത്തിയത്.
ടിഫ്റ്റണ്‍ ജുഡീഷ്യല്‍ സര്‍ക്ക്യൂട്ട് ജില്ലാ അറ്റോര്‍ണിയുടെ ഓഫീസ് 2026 ഓഗസ്റ്റ് 25-ന് നിയുക്ത തടവ് ശിക്ഷ സ്ഥിരീകരിച്ചത് . ഇപ്പോള്‍ 16 വയസുള്ള വാഗ്നര്‍, തന്റെ മാതാവ് റേച്ചല്‍ സൂസാന്‍ വാഗ്നറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് സമ്മതിച്ചു. ശിക്ഷയുടെ വ്യവസ്ഥകള്‍ പ്രകാരം, അവര്‍ കുറഞ്ഞത് 30 വര്‍ഷം സേവിച്ചതിനു ശേഷം മാത്രം പരോളിന് യോഗ്യയാകും.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങളായി താന്‍ പ്ലാന്‍ ചെയ്തിരുന്ന സ്‌കൂള്‍ വെടിവെപ്പ് നടത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന 51 കാരിയായ അമ്മ റേച്ചല്‍ സുസെയ്ന്‍ വാഗ്‌നറെ ലിലിയാന വെടിവെച്ചു കൊന്നത്. അന്ന് 14 വയസ്സായിരുന്നു ലിലിയാനയുടെ പ്രായം.
കാര്‍ അപകടത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലും മറ്റ് ഓണ്‍ലൈന്‍ ആപ്പുകളിലും മാസ് ഷൂട്ടിങ്ങുകളെക്കുറിച്ചും സ്‌കൂള്‍ വെടിവെപ്പുകളെക്കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്തിരുന്ന ലിലിയാനയ്ക്ക് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്ന് വലിയ തോതില്‍ പ്രോത്സാഹനം ലഭിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു.