ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ ഫെസ്റ്റിവലില്‍ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

By: 600002 On: Aug 29, 2026, 7:51 AM



 

പ്രസാദ് തീയാടിക്കല്‍

വെസ്റ്റ് സസെക്‌സ്: ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്‌സില്‍ നടന്ന പ്രമുഖ ക്രിസ്ത്യന്‍ സംഗീത-ആരാധനാ ഫെസ്റ്റിവലിനിടെ വലിയ സൈന്‍ബോര്‍ഡ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ വെസ്റ്റ് സസെക്‌സിലെ സ്റ്റെയ്നിങ്ങിന് സമീപമുള്ള വിസ്റ്റണ്‍ പാര്‍ക്കില്‍ നടന്ന ബിഗ് ചര്‍ച്ച് ഫെസ്റ്റിവലിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. ശക്തമായ കാറ്റിനിടെ വലിയ സൈന്‍ബോര്‍ഡ് തകര്‍ന്നുവീണ് ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്കിടയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ ഈസ്റ്റ്ബോണ്‍ സ്വദേശിയായ 41 വയസ്സുകാരന്‍ മരിച്ചു. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് എമര്‍ജന്‍സി സര്‍വീസ് വിഭാഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആംബുലന്‍സ് ജീവനക്കാര്‍, വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍, മറ്റ് അടിയന്തര സേവന വിഭാഗങ്ങള്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

അപകടത്തെ തുടര്‍ന്ന് 2026ലെ ബിഗ് ചര്‍ച്ച് ഫെസ്റ്റിവല്‍ അവസാനിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്ന സന്ദര്‍ശകരോട് പ്രദേശം ഒഴിയാനും ക്യാമ്പ് ചെയ്തിരുന്നവരോട് ക്യാമ്പ് സൈറ്റുകളിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കി.

2009ല്‍ ആരംഭിച്ച ബിഗ് ചര്‍ച്ച് ഫെസ്റ്റിവല്‍ ബ്രിട്ടനിലെ പ്രധാന ക്രിസ്ത്യന്‍ സംഗീത-ആരാധനാ ഉത്സവങ്ങളിലൊന്നാണ്. ബിഗ് ചര്‍ച്ച് ഫെസ്റ്റിവല്‍ ലിമിറ്റഡാണ് പരിപാടിയുടെ സംഘാടകര്‍.