ആറായിരം കുഞ്ഞുങ്ങളുടെ പിറവിക്ക് കാവലാളായ ഡോ. മേരി ജോണിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 6ന്

By: 600002 On: Aug 29, 2026, 6:56 AM



 

പ്രസാദ് തീയാടിക്കല്‍

സ്പ്രിങ്ഫീല്‍ഡ്: മൂന്ന് പതിറ്റാണ്ടോളം ഗള്‍ഫ് മണ്ണിലെ ആയിരക്കണക്കിന് പ്രവാസി അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും താങ്ങും തണലുമായിരുന്ന പ്രശസ്ത മലയാളി സ്ത്രീരോഗ വിദഗ്ധ ഡോ. മേരി ജോണ്‍ (81) അന്തരിച്ചു. ഓഗസ്റ്റ് 21ന് അമേരിക്കയിലെ ഇല്ലിനോയിയിലായിരുന്നു അന്ത്യം. ദുബായിലെ മെഡിക്കല്‍ രംഗവും പ്രവാസി സമൂഹവും കണ്ണീരോടെയാണ് പ്രിയ ഡോക്ടര്‍ക്ക് വിട നല്‍കുന്നത്.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്ന ഡോ. മേരി ജോണ്‍ 'ഗേളി' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഒരു ഡോക്ടര്‍ എന്നതിനപ്പുറം സ്‌നേഹവും കരുതലും നിറഞ്ഞ വ്യക്തിത്വമായാണ് അവര്‍ ഓര്‍മിക്കപ്പെടുന്നത്.

ദുബായില്‍ മൂന്ന് പതിറ്റാണ്ടിന്റെ സേവനം
1987ല്‍ ദുബായ് ആശുപത്രിയിലൂടെയാണ് ഡോ. മേരി ജോണ്‍ യുഎഇയിലെ സേവനജീവിതം ആരംഭിച്ചത്. 1992ല്‍ ലത്തീഫ ആശുപത്രിയിലേക്ക് പഴയ അല്‍ വാസല്‍ ആശുപത്രി മാറി. 1996 മുതല്‍ 2006 വരെ അവിടുത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു.

പിന്നീട് ദുബായിലെ വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കിയ ദുബായ് ഗൈനക്കോളജി ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെ (DGFC) മേധാവിയായി 2013ല്‍ ചുമതലയേറ്റു. 2016ല്‍ വിരമിക്കുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു.

ഏകദേശം ആറായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് ഡോ. മേരി ജോണ്‍ വൈദ്യപരിചരണം നല്‍കിയതായാണ് വിവരം. ഡിജിഎഫ്‌സിയിലൂടെ മാത്രം മൂവായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് അവര്‍ കാവലാളായി.

അത്യാധുനിക ചികിത്സാ സാങ്കേതികവിദ്യകള്‍ വ്യാപകമാകുന്നതിന് മുമ്പുതന്നെ ലാപറോസ്‌കോപ്പിയും മിനിമലി ഇന്‍വേസീവ് സര്‍ജറിയും ദുബായില്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. വന്ധ്യതാ ചികിത്സയിലും സങ്കീര്‍ണ പ്രസവപരിചരണത്തിലും രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാരീതികള്‍ യുഎഇയില്‍ വളര്‍ത്തിയെടുക്കുന്നതിലും അവരുടെ സംഭാവന ശ്രദ്ധേയമായിരുന്നു.

തലമുറകളുടെ ഗുരുനാഥ

ദുബായ് മെഡിക്കല്‍ കോളജിന്റെ അക്കാദമിക് മേധാവിയായും പ്രവര്‍ത്തിച്ച ഡോ. മേരി ജോണ്‍ നിരവധി ഡോക്ടര്‍മാരുടെ ഗുരുനാഥയായിരുന്നു. അവരുടെ കീഴില്‍ പരിശീലനം നേടിയ പലരും പിന്നീട് ദുബായിലെ ആരോഗ്യരംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തി.

സഹപ്രവര്‍ത്തകരും ശിഷ്യരും ഡോ. മേരി ജോണിനെ ഒരു അധ്യാപിക എന്നതിലുപരി സ്വന്തം അമ്മയായാണ് ഓര്‍ക്കുന്നത്. രോഗികളോടുള്ള സഹാനുഭൂതിയും ഏതു സമയത്തും സഹായത്തിനായി ഓടിയെത്താനുള്ള മനസ്സുമായിരുന്നു അവരുടെ പ്രത്യേകതയെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

വിശ്രമജീവിതം അമേരിക്കയില്‍

1945 ജൂണ്‍ 17ന് കേരളത്തില്‍ ജനിച്ച ഡോ. മേരി ജോണ്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎഇയിലെ ദീര്‍ഘകാല സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം മക്കളായ ആശിഷ്, അനീഷ്, മരുമക്കളായ ടീന, കിരണ്‍, നാല് കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഡോ. മേരി ജോണിന്റെ ഓര്‍മയ്ക്കായി പൂക്കള്‍ അര്‍പ്പിക്കുന്നതിന് പകരം അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലേക്ക് സംഭാവന നല്‍കണമെന്ന് കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 6ന് സ്പ്രിങ്ഫീല്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. ദുബായ് മാര്‍ത്തോമ്മാ ഇടവകയും ഡോ. മേരി ജോണിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതുജീവന്റെ സന്തോഷം സമ്മാനിച്ച ഡോ. മേരി ജോണിന്റെ സേവനവും കരുണയും യുഎഇയിലെ മലയാളി പ്രവാസ സമൂഹത്തിന്റെയും ദുബായിയുടെ ആരോഗ്യരംഗത്തിന്റെയും ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും.