ഡാളസില്‍ ഗൃഹാതുരത്വം തുളുമ്പുന്ന ഓണാഘോഷം സംഘടിപ്പിച്ചു; മാധ്യമമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ്

By: 600002 On: Aug 28, 2026, 3:02 PM



 

അനശ്വര്‍ മാംമ്പിള്ളി

ഡാളസ്: ഡാളസിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ (IPCNT) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്‌റ് 27 നു വൈകീട്ട് ഇര്‍വിങ്ങിലുള്ള  ചാക്കോസ് ബംഗ്ലാവില്‍ വെച്ച് വിപുലമായ രീതിയില്‍ നടന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവര്‍ത്തിക്കുന്ന ഐ.പി.സി.എന്‍.ടിയുടെ ആഘോഷങ്ങളില്‍ ഡാളസ്, ഇര്‍വിങ് മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഐ.പി.സി.എന്‍.ടി.പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത മുതിര്‍ന്ന അമേരിക്കന്‍ മലയാളി കമാന്‍ഡര്‍ വര്‍ഗീസ് ചാമത്തില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു.

പി.പി. ചെറിയാന്‍, തോമസ് ചിറമേല്‍, അഞ്ജു ബിജിലി, ബിജിലി ജോര്‍ജ്, ലാലി ജോസഫ്, , ടി.സി. ചാക്കോ, ചലച്ചിത്ര സംവിധായകന്‍ ഷാജി എം തുടങ്ങി സംഘടനയുടെ പ്രമുഖ ഭാരവാഹികളും അംഗങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാധ്യമമൂല്യങ്ങളും സൗഹൃദബന്ധങ്ങളും പുതുക്കിയ ചടങ്ങില്‍ വിവിധ കലാപരിപാടികളും പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഡാളസിലെ മലയാളി സമൂഹത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം സംഘടനയുടെ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.