പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഭാര്യയും സെക്കന്‍ഡ് ലേഡിയുമായ ഉഷാ വാന്‍സിനെ ലക്ഷ്യമിട്ട് മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍ സയ്യിദ് നടത്തിയ രാഷ്ട്രീയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉഷ രംഗത്തെത്തി. സയ്യിദിന്റെ പ്രസ്താവന കേട്ട് തനിക്ക് ചിരിയാണ് വന്നതെന്ന് ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉഷാ വാന്‍സ് പറഞ്ഞു.
ഷരീഅത്ത് നിയമത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ച് ജെ.ഡി. വാന്‍സും എല്‍ സയ്യിദും തമ്മില്‍ നടന്ന വാഗ്വാദത്തിനിടെയാണ് ഉഷയുടെ ഇന്ത്യന്‍ പശ്ചാത്തലം പരാമര്‍ശിക്കപ്പെട്ടത്. വാന്‍സിന്റെ അന്തരിച്ച മുത്തശ്ശന് (പാപ്പാ) ഉഷയുടെ ഇന്ത്യന്‍ പാരമ്പര്യം ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നോ എന്ന് പരിഹസിക്കുന്ന രീതിയിലാണ് എല്‍ സയ്യിദ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്.
എന്നാല്‍, ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞ ഉഷാ വാന്‍സ്, ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് തനിക്ക് എപ്പോഴും വലിയ സ്നേഹവും പിന്തുണയുമാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി. വാന്‍സിന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍ വളര്‍ത്തിയ മക്കളും കുടുംബവും തന്നോട് കാണിക്കുന്ന സ്‌നേഹം വലുതാണെന്നും, വാന്‍സിന്റെ അമ്മായി തനിക്ക് സ്വന്തം അമ്മയെപ്പോലെയാണെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.