'കാനഡ സ്ട്രോങ് പാസ്' പദ്ധതിയുടെ കാലാവധി അവസാനിക്കാൻ രണ്ട് ആഴ്ച മാത്രം ശേഷിക്കെ, പരമാവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ കനേഡിയൻ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും നിർദ്ദേശം. സെപ്റ്റംബർ ഏഴോടെ ഈ വർഷത്തെ പാസ് കാലാവധി അവസാനിക്കും.
പാർക്സ് കാനഡയുടെ കീഴിലുള്ള ദേശീയോദ്യാനങ്ങളിലും ചരിത്ര സ്മാരകങ്ങളിലും സൗജന്യ പ്രവേശനം. ക്യാമ്പിങ് ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾക്ക് 25 ശതമാനം ഇളവ് എന്നിവയാണ് പാസിൻ്റെ പ്രധാന ആനുകൂല്യങ്ങൾ. മ്യൂസിയങ്ങളിലും ഗാലറികളിലും 17 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ പ്രവേശനവും 18 മുതൽ 24 വയസ്സ് വരെയുള്ളവർക്ക് 50 ശതമാനം ഇളവും ലഭിക്കും.
വിയാ റെയിൽ (Via Rail) വഴി യാത്ര ചെയ്യുന്ന 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും , 18-24 പ്രായക്കാർക്ക് 25 ശതമാനം ടിക്കറ്റ് ഇളവും ലഭിക്കും. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തിനുള്ളിൽ തന്നെ യാത്ര ചെയ്യുന്ന കനേഡിയൻമാരുടെ എണ്ണം വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി.
സെപ്റ്റംബർ 7-ന് ഈ പദ്ധതി അവസാനിക്കുമെങ്കിലും, വരാനിരിക്കുന്ന ശൈത്യകാലത്തും (ഡിസംബർ-ജനുവരി) സമാനമായ ആനുകൂല്യങ്ങളോടെ 'കാനഡ സ്ട്രോങ് പാസ്' തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.