കാർ വിറ്റ് 15 വർഷത്തിന് ശേഷം ബിൽ; ഒൻ്റാരിയോയിൽ ഉടമയെ ഞെട്ടിച്ച് വിചിത്ര സംഭവം!

By: 600110 On: Aug 28, 2026, 1:44 PM

 

 

15 വർഷം മുൻപ് വിറ്റ കാറിൻ്റെ ടോവിങ്, സ്റ്റോറേജ് ചാർജുകൾ ഇനത്തിൽ കനേഡിയൻ വ്യക്തിക്ക് ലഭിച്ചത് 1,130 ഡോളറിൻ്റെ ഭീമൻ ബിൽ. കാനഡയിലെ ഒൻ്റാരിയോ സ്വദേശിയായ മാരിയോ ഇയാമുണ്ടോയ്ക്കാണ് ഈ അപൂർവ്വ അനുഭവം ഉണ്ടായത്.

തൻ്റെ 2002 മോഡൽ ഹോണ്ട CR-V കാർ 2012-ൽ മാരിയോ മറ്റൊരാൾക്ക് വിറ്റിരുന്നു. എന്നാൽ വാഹനം വാങ്ങിയ ആളോ പിന്നീട് അത് ഉപയോഗിച്ചവരോ നിയമപരമായി പേരുമാറ്റം നടത്തിയിരുന്നില്ല. വാഹനം അനധികൃതമായി പാർക്ക് ചെയ്തതിനെ തുടർന്ന് ഒരു സ്വകാര്യ ടോവിങ് കമ്പനി കാർ പിടിച്ചെടുത്ത് അവരുടെ യാർഡിലേക്ക് മാറ്റി. സർക്കാരിൻ്റെ ഔദ്യോഗിക രേഖകളിൽ ഇപ്പോഴും മാരിയോയുടെ പേര് തന്നെയായതിനാൽ കമ്പനി ബിൽ അയച്ചത് അദ്ദേഹത്തിനാണ്.

ഒൻ്റാരിയോയിലെ മോട്ടോർ വാഹന നിയമപ്രകാരം വാഹനം വിറ്റ ശേഷം വാങ്ങിയയാൾ ആറ് ദിവസത്തിനകം പേരുമാറ്റം പൂർത്തിയാക്കണം. കൂടാതെ വിറ്റ വിവരവും പേരുമാറ്റവും പൂർത്തിയായെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മുൻ ഉടമയ്ക്കുമുണ്ട്. പേരുമാറ്റം നടക്കാത്തപക്ഷം വാഹനം വഴി ഉണ്ടാകുന്ന നിയമപ്രശ്നങ്ങൾക്കും ഫൈനുകൾക്കും പഴയ ഉടമ തന്നെ ഉത്തരവാദിയാകും.

വാഹനങ്ങൾ വിൽക്കുമ്പോൾ പേരുമാറ്റം പൂർത്തിയാക്കി എന്ന് ഉറപ്പാക്കിയ ശേഷം മാത്രം താക്കോൽ കൈമാറുക എന്നതാണ് ഇത്തരം കെണികളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.