ലിബറൽ എം.പി സൽമ സഹിദിൻ്റെ വസതിക്ക് മുന്നിൽ വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

By: 600110 On: Aug 28, 2026, 1:37 PM

ടൊറൻ്റോയിലെ ലിബറൽ പാർട്ടി എം.പി സൽമ സഹിദിൻ്റെ വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ കാനഡ പോലീസ് അന്വേഷണം ആരംഭിച്ചു. ബോധപൂർവം തീയിട്ടതാണെന്ന സംശയത്തിൽ ടൊറൻ്റോ പോലീസാണ് സംഭവം അന്വേഷിക്കുന്നത്.

സ്കാർബറോ സെൻ്റർ-ഡോൺ വാലി ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സൽമ സഹിദിൻ്റെ വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്കാണ് വ്യാഴാഴ്ച പുലർച്ചെ തീപിടിച്ചത്. കാറുകൾ പൂർണ്ണമായി കത്തിയമർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസും ഫയർഫോഴ്സും അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇപ്പോൾ ഊഹാപോഹങ്ങൾ പറയുന്നില്ലെന്നും പോലീസ് അന്വേഷണം പൂർത്തിയാകട്ടെ എന്നും സൽമ സഹിദ് വ്യക്തമാക്കി. ഇത്തരം ഭീഷണികൾ തന്നെയോ തന്റെ ജനസേവനത്തെയോ തടയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സൽമ സഹിദും കുടുംബവും സുരക്ഷിതരാണെന്നതിൽ ആശ്വാസമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഇത് ഭീരുത്വം നിറഞ്ഞതും അംഗീകരിക്കാനാവാത്തതുമായ അക്രമസംഭവമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. 
കേസിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.