ലേക് ഒൻ്റാരിയോയുടെ പേരുമാറ്റാനുള്ള ട്രംപിൻ്റെ ഉത്തരവിനെതിരെ ശക്തമായ എതിർപ്പുമായി കാനഡ

By: 600110 On: Aug 28, 2026, 1:32 PM

 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, ചരിത്രപ്രസിദ്ധമായ 'ലേക് ഒൻ്റാരിയോ' തടാകത്തിൻ്റെ പേര് 'ലേക് അമേരിക്ക' എന്ന് മാറ്റാനുള്ള യു.എസ് നീക്കത്തിനെതിരെ കാനഡ രംഗത്ത്. തടാകത്തിൻ്റെ പേര് "എന്നും ലേക് ഒൻ്റാരിയോ എന്ന് തന്നെയായിരിക്കുമെന്ന്" കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

കാനഡയുമായുള്ള വ്യാപാര ചർച്ചകൾ തകർന്നതിന് പിന്നാലെയാണ്, അതിർത്തി പങ്കിടുന്ന ഈ വലിയ തടാകത്തെ അമേരിക്കൻ ഔദ്യോഗിക രേഖകളിൽ 'ലേക് അമേരിക്ക' എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. മുൻപ് 'ഗൾഫ് ഓഫ് മെക്സിക്കോ'യുടെ പേര് 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് മാറ്റാൻ ട്രംപ് ഉത്തരവിട്ടിരുന്നു.

400-ലേറെ വർഷം പഴക്കമുള്ള 'ഒൻ്റാരിയോ' എന്ന പേര് മാറ്റാൻ അമേരിക്കയ്ക്ക് തനിച്ച് കഴിയില്ലെന്ന് കാനഡ വ്യക്തമാക്കി. 'മനോഹരവും വലുതുമായ തടാകം' എന്നർത്ഥം വരുന്ന തദ്ദേശീയ പദത്തിൽ നിന്നാണ് ഈ പേരുണ്ടായത്. മറ്റ് രാജ്യങ്ങളോ അന്താരാഷ്ട്ര ഏജൻസികളോ ഈ പേരുമാറ്റം അംഗീകരിക്കാൻ ബാധ്യസ്ഥരല്ലെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു.

കാനഡയുടെ വ്യാപാര നയങ്ങളെയും നേതൃത്വത്തെയും വിമർശിച്ച ട്രംപ്, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും നിലനിൽക്കുമ്പോൾ തടാകത്തിൻ്റെ പേരുമാറ്റാൻ സമയം കളയുന്ന ട്രംപിൻ്റെ നടപടിയെ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും രൂക്ഷമായി വിമർശിച്ചു.