കാനഡയിൽ റജിസ്റ്റേർഡ് നഴ്സിംഗ് ലൈസൻസ് നേടുന്നതിനുള്ള നിർബന്ധിത യോഗ്യതാ പരീക്ഷയായ 'നാഷണൽ കൗൺസിൽ ലൈസൻഷർ എക്സാമിനേഷൻ' (NCLEX-RN) ഫീസ് എൻഎസ്‌ബിഎൻ കുത്തനെ വർധിപ്പിച്ചു. നിലവിൽ 360 കനേഡിയൻ ഡോളറായിരുന്ന പരീക്ഷാ ഫീസ് 58 ശതമാനം വർധിപ്പിച്ച് 570 ഡോളറായാണ് ഉയർത്തിയത്. ട്യൂഷൻ ഫീസിലെ വർധനവ്, ലൈസൻസിംഗ് ചെലവുകൾ എന്നിവയ്ക്ക് പുറമെ ഉണ്ടായ ഈ ഫീസ് വർധനവ് തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാനിരിക്കുന്ന തുടക്കക്കാർക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് കനേഡിയൻ നഴ്സിംഗ് സ്റ്റുഡന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പ്, സൈബർ സുരക്ഷ, ഡാറ്റാ സംരക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾ ഉയർന്നതും കഴിഞ്ഞ 25 വർഷത്തെ പണപ്പെരുപ്പവുമാണ് നിരക്ക് വർധനവിന് കാരണമായി എൻസിഎസ്ബിഎൻ ചൂണ്ടിക്കാണിക്കുന്നത്. 2000-ത്തിന് ശേഷമുള്ള ആദ്യത്തെ വിലവർധനവാണിതെങ്കിലും, ഇത്രയും ഉയർന്ന വർധനവ് ഒറ്റയടിക്ക് നടപ്പാക്കിയത് ഉചിതമായില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് സ്‌കാർലറ്റ് മോണ്ട്സെറാറ്റ് പറഞ്ഞു. പുതുക്കിയ പരീക്ഷാ നിരക്കുകൾ 2027 ഫെബ്രുവരി 1 മുതലായിരിക്കും പ്രാബല്യത്തിൽ വരുന്നത്.
രാജ്യത്ത് രൂക്ഷമായ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക പിന്തുണ അടിയന്തരമായി ഉറപ്പാക്കണമെന്ന് പ്രൊഫഷണൽ സംഘടനകൾ ആവശ്യപ്പെട്ടു. നഴ്സിംഗ് വിദ്യാർഥികൾക്ക് സ്റ്റൈപന്റോട് കൂടിയ ട്രെയിനിംഗ്, ഗ്രാൻഡ്, സ്‌കോളർഷിപ്പ്, വിദ്യാഭ്യാസ വായ്പ ഇളവുകൾ എന്നിവ ലഭ്യമാക്കാൻ പ്രൊവിൻഷ്യൽ സർക്കാരുകൾ തയ്യാറാകണമെന്ന് ബി.സി. നഴ്സസ് യൂണിയൻ വൈസ് പ്രസിഡൻ്റ് ട്രിസ്റ്റൻ ന്യൂബി ആവശ്യപ്പെട്ടു. നഴ്സിംഗ് മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ശ്രമിക്കുന്നതിനിടെയുള്ള ഇത്തരം നിരക്കുവർധനവ് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്.