നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ടക്സെഡോ പാർക്ക് മേഖലയിലുള്ള ഒരു വീടിൻ്റെ ബേസ്‌മെൻ്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:20-ഓടെയാണ് 27-ാം അവന്യൂവിലെ വീടിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് എമർജൻസി വിഭാഗം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ബേസ്‌മെന്റിൽ പടർന്നുപിടിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ജീവനറ്റ നിലയിൽ ഒരാളെ കണ്ടെത്തുന്നത്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകി എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ ബേസ്‌മെന്റിന് മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളതെന്നും സമീപത്തെ മറ്റ് വീടുകളിലേക്ക് തീ പടർന്നിട്ടില്ലെന്നും കാൽഗറി ഫയർ വക്താവ് അലക്സ് ക്വാൻ അറിയിച്ചു. എന്നാൽ ഈ വീട്ടിൽ Smoke alarms പ്രവർത്തിച്ചിരുന്നോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മരണം ദുരൂഹമാണെന്ന് കാൽഗറി പോലീസ് സർവീസ് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. തെളിവെടുപ്പുകൾക്കായി പ്രദേശത്തെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.