ഈ വർഷം മാർച്ചിൽ ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ രണ്ട് പൈലറ്റുമാരുടെ മരണത്തിന് ഇടയാക്കിയ എയർ കാനഡ വിമാന അപകടത്തിന് തൊട്ടുമുമ്പ്, രണ്ട് എയർ ട്രാഫിക് കൺട്രോളർമാർ ജോലി സമയം പൂർത്തിയാക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിയതായി ഗുരുതര ആരോപണം. രണ്ട് ജീവനക്കാർ നേരത്തെ ജോലി അവസാനിപ്പിച്ച് പോയതോടെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ ബാക്കിയുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് ജോലിഭാരം കൂടുകയും ഇത് അപകടത്തിലേക്ക് നയിച്ചു എന്നാണ് റിപ്പോർട്ടുകൾ . യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഈ ജീവനക്കാരെ പിരിച്ചുവിടാൻ നടപടി ആരംഭിച്ചതായാണ് വിവരം.
മാർച്ച് 22-ന് രാത്രി 11:30 ഓടെയാണ് ലാൻഡിംഗിന് അനുമതി നൽകിയ എയർ കാനഡ എക്സ്പ്രസ് വിമാനം റൺവേ കുറുകെ കടക്കുകയായിരുന്ന ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഫയർ ട്രക്കിനും റൺവേ ഉപയോഗിക്കാൻ കൺട്രോളർ അനുമതി നൽകിയിരുന്നു. തുടർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് കനേഡിയൻ പൈലറ്റുമാർ കൊല്ലപ്പെടുകയും നാൽപ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സാങ്കേതിക തകരാറുകളും ആശയവിനിമയത്തിലെ പിഴവുകളുമാണ് അപകടത്തിന് കാരണമായതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൺട്രോളർമാർക്കെതിരെയുള്ള ആരോപണങ്ങൾ യുഎസ് എയർ ട്രാഫിക് കൺട്രോളർമാരുടെ യൂണിയനായ നാഷണൽ എയർ ട്രാഫിക് കൺട്രോളേഴ്സ് അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയം എഫ്.എ.എ നേതൃത്വവുമായി സജീവമായി ചർച്ച ചെയ്തുവരികയാണെന്ന് യൂണിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എഫ്.എ.എ വ്യക്തമാക്കിയിട്ടുണ്ട്.