പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യു.എസ് സ്വദേശിയായ പൂജാരി കാനഡയിൽ അറസ്റ്റിൽ

By: 600110 On: Aug 27, 2026, 1:28 PM

 

ആത്മീയ ചടങ്ങുകൾ നടത്താനെന്ന വ്യാജേന യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യു.എസ് സ്വദേശിയായ പൂജാരി കാനഡയിലെ ഓഷവയിൽ അറസ്റ്റിലായി. ന്യൂയോർക്കിലെ റിച്ച്മണ്ട് ഹിൽ നിവാസിയായ രാജേന്ദ്രനാഥ് ദുദ്നാഥ് മഹാരാജ് എന്നയാളെയാണ് ഡർഹാം റീജിയണൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ആത്മീയ ചടങ്ങുകൾക്കായാണ് പരാതിക്കാരിയുടെ കുടുംബം ഇയാളെ അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ക്ഷണിച്ചുവരുത്തിയത്.
യുവതിയെ ദുരാത്മാക്കൾ ബാധിച്ചിട്ടുണ്ടെന്നും ഇത് മാറ്റിയെടുക്കാൻ പ്രത്യേക  ചടങ്ങുകൾ അത്യാവശ്യമാണെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ അതിക്രമം നടത്തിയത്.

ആത്മീയ പ്രാധാന്യമുള്ള ചടങ്ങെന്ന വ്യാജേന യുവതിയെ സ്വകാര്യ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന്  ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 25 ചൊവ്വാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി ജാമ്യാപേക്ഷയ്ക്കായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ആത്മീയ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ സഞ്ചരിക്കുന്ന വ്യക്തിയായതിനാൽ, ഇയാൾ സമാനമായ രീതിയിൽ കൂടുതൽ പേരെ അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടാകാമെന്ന് ഡർഹാം പോലീസ് സംശയിക്കുന്നുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവർ ഡർഹാം റീജിയണൽ പോലീസിനെയോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിനെയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.