മുൻപ് അനുഭവിച്ച തടവുശിക്ഷയോടെ തീർന്നുവെന്ന് കരുതിയ പഴയ പിഴത്തുക വീണ്ടും ഈടാക്കാനുള്ള നീക്കത്തിനെതിരെ മുൻ ടൊറൻ്റോ നിവാസിയായ ഹാൽപിൻ ഹിൽഡ് രംഗത്ത്. 1990-കളിൽ അനുമതിയില്ലാതെ വഴിയോരക്കച്ചവടം നടത്തിയത് വഴി ചുമത്തപ്പെട്ട 30,000 ഡോളറിലധികം തുക അടയ്ക്കാത്തതിനെ തുടർന്നാണ് അന്ന് ഇദ്ദേഹത്തിന് രണ്ട് ആഴ്ച തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്. ശിക്ഷ അനുഭവിച്ചതോടെ പിഴ അടച്ചുതീർത്തതിന് തുല്യമായെന്നായിരുന്നു ഹിൽഡിന്റെ വിശ്വാസം. എന്നാൽ വർഷങ്ങൾക്ക് ശേഷം ആൽബർട്ടയിൽ ഒരു വീട് വാങ്ങാൻ നോക്കിയപ്പോഴാണ് ക്രെഡിറ്റ് റിപ്പോർട്ടിൽ ഈ തുക കുടിശ്ശികയായി വീണ്ടും ഉയർന്നുവന്നത്.
തടവുശിക്ഷ അനുഭവിച്ചിട്ടും സാമ്പത്തിക കുടിശ്ശിക നീക്കം ചെയ്യാത്ത ടൊറൻ്റോ സിറ്റിയുടെ നടപടിയെ ഹിൽഡ് ചോദ്യം ചെയ്യുന്നു. നിലവിൽ 60 വയസ്സിന് മുകളിൽ പ്രായവും ഭിന്നശേഷിയുമുള്ള തനിക്ക് ഈ പഴയ സാമ്പത്തിക കടമ്പ പുതിയ വീട് സ്വന്തമാക്കുന്നതിന് വലിയ തടസ്സമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാലത്ത് കോടതിയും തന്റെ ജയിൽവാസത്തെ ചോദ്യം ചെയ്തിരുന്നില്ലെന്നും, കേസ് അതോടെ അവസാനിച്ചെന്നാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ 'പ്രൊവിൻഷ്യൽ ഒഫൻസസ് ആക്ട്' പ്രകാരമുള്ള പിഴകൾക്ക് കാലപരിധിയില്ലെന്നും, ജയിൽ ശിക്ഷ അനുഭവിച്ചാലും പിഴത്തുക തനിയെ റദ്ദാക്കപ്പെടില്ലെന്നുമാണ് ടൊറന്റോ സിറ്റി വക്താവ് വ്യക്തമാക്കുന്നത്.
ഇത്തരം കുടിശ്ശികകൾ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമാണ് എഴുതിത്തള്ളാറുള്ളതെന്നും, നിയമപ്രകാരം ഈ തുക ഈടാക്കാനുള്ള നടപടികൾ തുടരുമെന്നും നഗരസഭ അറിയിച്ചു. വർഷങ്ങൾ പഴക്കമുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ കുടിശ്ശികകൾ പിരിച്ചെടുക്കാനുള്ള വിവിധ മാർഗ്ഗങ്ങളാണ് ടൊറൻ്റോ നഗരസഭ ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതോടെ സിറ്റിയുടെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും, ക്രെഡിറ്റ് സ്കോർ പുനഃസ്ഥാപിക്കുന്നതിനുമായി വക്കീലിനെ കാണാനും ഇക്വിഫാക്സുമായി ബന്ധപ്പെടാനും ഒരുങ്ങുകയാണ് ഹിൽഡ്.