സ്വയം പ്രവർത്തിക്കാനാവില്ല; എളുപ്പത്തിൽ ഹാക്ക് ചെയ്യാം: ചൈനീസ് റോബോട്ടുകളിൽ ഗുരുതര വീഴ്ചയെന്ന് മുന്നറിയിപ്പ്

By: 600110 On: Aug 27, 2026, 11:56 AM

കാനഡയിൽ വിൽക്കുന്ന ചൈനീസ് നിർമ്മിത 'റോബോട്ട് നായ്ക്കൾക്ക്' മനുഷ്യരുടെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇപ്പോഴും കഴിയില്ലെന്ന് റിപ്പോർട്ടുകൾ. ഇതിനുപുറമെ, മറ്റുള്ളവർക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്ത് നിയന്ത്രണം കൈക്കലാക്കാൻ സാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചകളും ഇവയിൽ കണ്ടെത്തിയിട്ടുണ്ട്.

ബീജിംഗിൽ നടക്കുന്ന 'വേൾഡ് ഹ്യുമനോയിഡ് റോബോട്ട് ഗെയിംസിൽ' റോബോട്ടുകൾ റണ്ണിംഗും ഫുട്ബോളുമൊക്കെ കളിക്കുന്നുണ്ടെങ്കിലും, പഠിപ്പിച്ചുകൊടുത്ത ചില പ്രത്യേക കാര്യങ്ങൾ ചെയ്യാൻ മാത്രമേ ഇവയ്ക്ക് സാധിക്കൂ. തുണി മടക്കിവെക്കുന്നത് പോലെ സാഹചര്യത്തിനനുസരിച്ച് ചെയ്യേണ്ട ജോലികളിൽ ഇവ ഇപ്പോഴും പിന്നിലാണ്.

മുൻപ് ലക്ഷക്കണക്കിന് ഡോളർ വിലയുണ്ടായിരുന്ന ഇത്തരം റോബോട്ടുകൾക്ക് ഇപ്പോൾ വില കാര്യമായി കുറഞ്ഞിട്ടുണ്ട് (കാനഡയിൽ ഏകദേശം 6,000 ഡോളർ മുതൽ ലഭിക്കും). നിലവിൽ തീപിടുത്തം പോലുള്ള അപകട സാഹചര്യങ്ങളിൽ തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കാനഡയിൽ വിൽക്കുന്ന 'യൂണിട്രീ'കമ്പനിയുടെ റോബോട്ടുകളിൽ സുരക്ഷാ വിദഗ്ദ്ധർ വലിയ പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തുള്ള ആർക്കും ബ്ലൂടൂത്ത് വഴിയോ ആപ്പ് വഴിയോ റോബോട്ടിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാകും. കൂടാതെ, ഉടമകൾ അറിയാതെ ചൈനയിലെ സെർവറുകളിലേക്ക് ഇവ ഡാറ്റ അയക്കുന്നുണ്ടെന്നും ഗവേഷകർ തെളിയിച്ചിട്ടുണ്ട്.

സുരക്ഷാ ഭീഷണി മുൻനിർത്തി അമേരിക്ക ഇത്തരം വിദേശ നിർമ്മിത റോബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാനഡയിൽ ഇതുവരെ നിരോധനമില്ല. എന്നാൽ ഉയർന്നുവന്ന സുരക്ഷാ പ്രശ്നങ്ങൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെ പരിഹരിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ള ഡ്രൈവർരഹിത കാറുകൾ പൂർണ്ണ സജ്ജമാകാൻ വൈകുന്നതുപോലെ, ഒരു മനുഷ്യന്റെയും സഹായമില്ലാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള റോബോട്ടുകൾ യാഥാർത്ഥ്യമാകാൻ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.