കാനഡയിലെ സസ്കാച്ചെവനിൽ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകൾക്കെതിരെ ഭരണകൂടം നടപടി കടുപ്പിക്കുന്നു. തൊഴിൽ തട്ടിപ്പുകൾ തടയാനായി കൊണ്ടുവന്ന പുതിയ നിയമപ്രകാരം (FWRISA) ആദ്യമായി ഒരു സ്ഥാപനത്തിന് കോടതി ശിക്ഷ വിധിച്ചു.
വിദേശ തൊഴിലാളിക്ക് ജോലി വാഗ്ദാനം ചെയ്ത് 12,000 ഡോളർ നിയമവിരുദ്ധമായി ഈടാക്കിയ 'ധ്യാൻ ജെനി എൻ്റർപ്രൈസസ്' കമ്പനിക്കാണ് മൂസ് ജാ പ്രൊവിൻഷ്യൽ കോടതി ശിക്ഷ വിധിച്ചത്. തൊഴിലാളിയിൽ നിന്ന് വാങ്ങിയ 12,000 ഡോളർ തിരികെ നൽകാനും, 7,000 ഡോളർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. സ്വിഫ്റ്റ് കറൻ്റിലെ ഹസ്കി ട്രാവൽ സെൻ്ററിനെതിരെയും വിദേശികളിൽ നിന്ന് പണം ഈടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇതു കൂടാതെ, നിയമലംഘനം നടത്തിയ പത്തിലധികം സ്ഥാപനങ്ങളുടെ ലൈസൻസ് ഈ വർഷം മാത്രം റദ്ദാക്കി.
വിദേശ തൊഴിലാളികളെ തട്ടിപ്പിനിരയാക്കിയതിനും, വ്യാജ രേഖകൾ ചമച്ചതിനും മനുഷ്യക്കടത്തിനും മറ്റു ചില വ്യക്തികൾക്കെതിരെയും അടുത്തിടെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടായിട്ടുണ്ട്.2024-ൽ വരുത്തിയ നിയമഭേദഗതിയോടെ തട്ടിപ്പുകൾ കണ്ടെത്താനുള്ള അന്വേഷണസംഘത്തെ വിപുലീകരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ജോലിക്കായി പണം ഈടാക്കുന്നത് കാനഡയിലെ കുടിയേറ്റ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റുമാർ മുഖേന മാത്രം കാര്യങ്ങൾ ചെയ്യാൻ പുതുതായി എത്തുന്നവർ ശ്രദ്ധിക്കണമെന്ന് കുടിയേറ്റ ക്ഷേമ സംഘടനകൾ നിർദ്ദേശിക്കുന്നു.