നേപ്പാൾ പ്രളയത്തിൽ കാണാതായവരിൽ 24 കനേഡിയൻ പൌരന്മാരും

By: 600110 On: Aug 27, 2026, 11:37 AM

നേപ്പാൾ പ്രളയത്തിൽ കാണാതായവരിൽ 24 കനേഡിയൻ പൌരന്മാരും. ഇത് വരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ദുരന്തത്തിൽ 160-ലേറെ പേർ മരണപ്പെടുകയും നാനൂറിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതിലാണ് കനേഡിയൻ പൌരന്മാരും ഉൾപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. 

24 കനേഡിയൻ പൗരന്മാർക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള 133 പേരെയും അമേരിക്കയിൽ നിന്നുള്ള 47ഉം ഓസ്ട്രേലിയയിൽ നിന്നുള്ള 34ഉം ബ്രിട്ടനിൽ നിന്നുള്ള 33ഉം സഞ്ചാരികളെയും കാണാതായിട്ടുണ്ട്. കൈലാസ തീർത്ഥാടനത്തിന് പോയ ഇന്ത്യൻ സംഘവും ഇതിൽ ഉൾപ്പെടുന്നു. നേപ്പാളിലെ ഗോസൈകുണ്ഡ തടാകത്തിലേക്ക് തീർത്ഥാടനത്തിന് പോയ 62 പ്രദേശവാസികളെയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 28 പോലീസുകാരെയും കാണാതായിട്ടുണ്ട്.

പ്രളയത്തിൽ ഒട്ടേറെ റോഡുകളും പാലങ്ങളും തകരുകയും നിരവധി വീടുകൾ ചെളിയിലാവുകയും ചെയ്തു. മേഖലയിലെ ജലവൈദ്യുത പദ്ധതികൾക്കും വൻ നാശനഷ്ടമുണ്ടായി. ഹിമാലയൻ മേഖലയിലുണ്ടായ മഞ്ഞുമലയിലെ ഉരുൾപൊട്ടലാണ്  പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. ത്രിശൂലി നദിയിൽ അരമണിക്കൂറിനുള്ളിൽ 9 മീറ്ററോളം (27 അടി) വെള്ളം ഉയർന്നതായാണ് കണക്ക്.

രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ ഭരണകൂടം സകല സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും ചൈനയും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.