പ്രസാദ് തീയാടിക്കല്‍
വാഷിങ്ടണ്‍: കാനഡയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ, ലേക് ഒന്റാരിയോയുടെ (Lake Ontario) പേര് 'ലേക് അമേരിക്ക' (Lake America) എന്നാക്കി മാറ്റുന്നത് ഗൗരവമായി പരിഗണിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച തന്റെ Truth Social അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒന്റാറിയോയുമായി ഇനി വലിയ തോതില്‍ വ്യാപാരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ ലേക് ഒന്റാറിയോയുടെ പേര് മാറ്റുന്ന കാര്യം അമേരിക്ക ഗൗരവമായി പരിഗണിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. പിന്നീട് 'Lake Ontario' എന്ന പേര് വെട്ടിമാറ്റി പകരം 'Lake America' എന്ന് രേഖപ്പെടുത്തിയ ഭൂപടവും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
വടക്കേ അമേരിക്കയിലെ അഞ്ച് ഗ്രേറ്റ് ലേക്കുകളില്‍ ഒന്നായ ലേക് ഒന്റാറിയോ, കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെയും അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെയും അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയും കാനഡയും ചേര്‍ന്നാണ് ഈ അന്താരാഷ്ട്ര ജലാശയത്തിന്റെ വിവിധ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കാനഡയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടി തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.
അതേസമയം, ട്രംപ് പ്രഖ്യാപിച്ചാല്‍ മാത്രം ലേക് ഒന്റാറിയോയുടെ പേര് അന്താരാഷ്ട്രതലത്തില്‍ 'ലേക് അമേരിക്ക'യായി മാറില്ല. അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ പുതിയ പേര് ഉപയോഗിക്കാന്‍ തീരുമാനിച്ചാലും, കാനഡയെയോ മറ്റ് രാജ്യങ്ങളെയോ അന്താരാഷ്ട്ര സ്ഥാപനങ്ങളെയോ അതേ പേര് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് കഴിയില്ല.
ട്രംപ് നേരത്തേ 'Gulf of Mexico'യെ അമേരിക്കന്‍ ഫെഡറല്‍ ഉപയോഗത്തില്‍ 'Gulf of America' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പ്രധാന ജലാശയത്തിന്റെ പേരുമാറ്റാനുള്ള ആശയം ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
കാനഡയുടെ യു.എസ്. വ്യാപാരകാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, ട്രംപ് ഭരണകൂടത്തിന്റെ ദൈനംദിന സോഷ്യല്‍ മീഡിയ പ്രസ്താവനകളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് കാനഡ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും പേരുമാറ്റ നീക്കത്തെ വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വാചകപ്രയോഗമായാണ് വിലയിരുത്തിയത്.
നിലവില്‍ 'Lake America' എന്നത് ട്രംപ് മുന്നോട്ടുവച്ച നിര്‍ദേശം മാത്രമാണ്; ഔദ്യോഗിക പേരുമാറ്റം നടന്നിട്ടില്ല.