സണ്ണി മാളിയേക്കല്‍
ലോകം ഇന്ന് സമാനതകളില്ലാത്ത ഒരു വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാര യുദ്ധങ്ങളും അധിനിവേശങ്ങളും സാമ്പത്തിക തകര്‍ച്ചയും ഒരുവശത്ത് രൂക്ഷമാകുമ്പോള്‍, മറുപുറത്ത് സാധാരണ മനുഷ്യര്‍ പട്ടിണിയും പീഡനങ്ങളും ഭയന്ന് സ്വന്തം മണ്ണ് ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. 'നീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം തിന്നും' എന്ന ബൈബിള്‍ വചനം പഴയതിനേക്കാള്‍ ഭാരത്തോടെ ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നു. എന്നാല്‍, ഇന്നത്തെ മനുഷ്യന്‍ ജീവിക്കാന്‍ വേണ്ടി വിയര്‍പ്പുമാത്രമല്ല, സ്വന്തം ജീവന്‍ തന്നെ പണയം വെച്ചാണ് അതിര്‍ത്തികള്‍ കടക്കാന്‍ ശ്രമിക്കുന്നത്.
കടല്‍മാര്‍ഗ്ഗവും മരുഭൂമികള്‍ വഴിയും ആരും കാണാത്ത അതിര്‍ത്തിച്ചാലുകളിലൂടെയും ജീവന്‍ തളികയിലെടുത്തുവെച്ച് ഓടുന്ന ഈ നിരാശരായ മനുഷ്യര്‍, കേവലം അക്കങ്ങളോ കണക്കുകളോ അല്ല. അവര്‍ക്ക് പിന്നില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളും കരഞ്ഞുതളര്‍ന്ന കുടുംബങ്ങളുമുണ്ട്. അധികാരക്കൊതിയും രാഷ്ട്രീയ വടംവലികളും ലോകത്തെ കഷ്ടപ്പാടുകളിലേക്ക് തള്ളിയിടുമ്പോള്‍ അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് പാവപ്പെട്ട പ്രജകളാണ്. സ്വന്തം രാജ്യത്ത് സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമില്ലാതാകുമ്പോഴാണ് മനുഷ്യന്‍ അഭയാര്‍ത്ഥിയാകാന്‍ നിര്‍ബന്ധിതനാകുന്നത്.
ഈ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാകേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. ലോക ഭരണകര്‍ത്താക്കള്‍ ആയുധങ്ങളെയും സാമ്പത്തിക ഉപരോധങ്ങളെയും ഉപേക്ഷിച്ച് സമാധാനത്തിന്റെ മേശപ്പുറത്ത് ഒത്തുകൂടണം. യുദ്ധവും സാമ്പത്തിക ഞെരുക്കവും സൃഷ്ടിക്കുന്നതിനേക്കാള്‍ വലിയ നയതന്ത്ര വിജയം, ലോകത്ത് സമാധാനവും വിശപ്പില്ലാത്ത അന്തരീക്ഷവും ഉറപ്പാക്കുന്നതാണ് എന്ന് അവര്‍ തിരിച്ചറിയണം.
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ശബ്ദങ്ങളിലൊന്നായ പരിശുദ്ധ മാര്‍പാപ്പ ഉള്‍പ്പെടെയുള്ള ആഗോള നേതാക്കള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ട്. ഭരണാധികാരികളുടെ മനസ്സില്‍ കാരുണ്യവും സമാധാന ചിന്തയും ഉണര്‍ത്താനും, അതിര്‍ത്തികളില്‍ ജീവനുംകൊണ്ട് ഓടുന്ന പാവപ്പെട്ടവര്‍ക്കായി ആഗോള മനഃസാക്ഷിയെ ഉണര്‍ത്താനും സഭയ്ക്കും എല്ലാ ആത്മീയ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കണം. അധികാരമോഹങ്ങള്‍ക്കപ്പുറം സഹജീവി സ്‌നേഹത്തിന് മുന്‍ഗണന നല്‍കുന്ന ഒരു ലോക ക്രമത്തിനായി നമുക്ക് ഒരുമിച്ച് ശബ്ദമുയര്‍ത്താം.