നാലുപേര്‍ക്ക് വെളിച്ചമേകി പുനീതിന്റെ കണ്ണുകള്‍

By: 600007 On: Nov 2, 2021, 3:00 AM

അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ വെളിച്ചം നല്‍കിയത് നാലുപേര്‍ക്ക്. ഒരാളുടെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്യുന്നത് കര്‍ണാടകയില്‍ ആദ്യമായാണെന്നും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും നാരായണ നേത്രാലയ ചെയര്‍മാന്‍ ഡോ. ഭുജന്‍ ഷെട്ടി പറഞ്ഞു. കണ്ണുകളുടെ കോര്‍ണിയ നെടുകെ മുറിച്ച് മുന്നിലെ ഭാഗം ഒരാള്‍ക്കും പുറകിലേത് മറ്റൊരാള്‍ക്കും നല്‍കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. 

പുനീതിന്റെ മരണത്തിനു പിന്നാലെ കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. പുനീതിന്റെ അച്ഛന്‍ രാജ് കുമാറിന്റെയും അമ്മ പര്‍വതമ്മയുടെയും കണ്ണുകളും ദാനം ചെയ്തിരുന്നു.  ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണം. ജിമ്മില്‍ പരിശീലനത്തിനെത്തിയ പുനീതിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ പുനീത് ആദ്യം നായകനായെത്തിയത് അപ്പു എന്ന ചിത്രത്തിലൂടെയാണ്. ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചിരുന്നതും അപ്പു എന്നാണ്. മുപ്പതോളം സിനിമകളിലാണ് പുനീത് നായകനായി അഭിനയിച്ചത്.

 Content highlight: In a first kannada star puneeth rajkumars eyes donated to four people on same day