പ്രസാദ് തീയാടിക്കല്‍
കൊച്ചി: പതിനാറാം വയസ്സില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച് കേരളത്തിന്റെ റൗള്‍ ജോണ്‍ അജു. 'AI Kid of India' എന്നറിയപ്പെടുന്ന റൗള്‍, പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ എഐ അധിഷ്ഠിത സംരംഭം നടത്തുകയാണ്. തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛന് പ്രതിമാസം 2 ലക്ഷം ശമ്പളം നല്‍കുന്നു എന്നതാണ് റൗളിന്റെ വിജയകഥയിലെ ഏറെ കൗതുകകരമായ വസ്തുത.
ചെറുപ്പം മുതല്‍ സാങ്കേതികവിദ്യയോട് വലിയ താല്‍പര്യം പ്രകടിപ്പിച്ച റൗള്‍, ഏകദേശം ഒന്‍പതാം വയസ്സിലാണ് ഈ മേഖലയിലേക്ക് കടന്നത്. വീഡിയോ എഡിറ്റിങ്ങിലായിരുന്നു തുടക്കം. പിന്നീട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ശ്രദ്ധ തിരിക്കുകയും വിവിധ എഐ ടൂളുകള്‍ വികസിപ്പിക്കുകയും ചെയ്തു. എഐ സാങ്കേതികവിദ്യയില്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം തന്റെ താല്‍പര്യത്തെ ഒരു സ്റ്റാര്‍ട്ടപ്പായും വളര്‍ത്തി.
സ്‌കൂള്‍ സയന്‍സ് പ്രോജക്ടിന്റെ ഭാഗമായി സ്വന്തം ശബ്ദത്തില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും കഴിയുന്ന 'ങലആീ'േ എന്ന റോബോട്ടും റൗള്‍ വികസിപ്പിച്ചിരുന്നു.
റൗളിന്റെ സംരംഭത്തില്‍ അച്ഛനും പ്രധാന പങ്കുവഹിക്കുന്നു. Amazon, Adobe, Wipro, IBM തുടങ്ങിയ പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അച്ഛന്റെ പ്രൊഫഷണല്‍ അനുഭവം റൗളിന് സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ പിന്തുണയാകുന്നു. അച്ഛന്‍ തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നതായും അദ്ദേഹത്തിന് പ്രതിമാസം 2 ലക്ഷം ശമ്പളം നല്‍കുന്നതായും റൗള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ കൊച്ചിയില്‍ നടന്ന മനോരമ ന്യൂസ് കോണ്‍ക്ലേവ് 2026-ലും റൗള്‍ പങ്കെടുത്തു. നടി ഗൗരി ജി. കിഷന്‍, എംഎല്‍എ ഫാത്തിമ തഹ്ലിയ എന്നിവര്‍ക്കൊപ്പം Gen Z തലമുറയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് റൗള്‍ പങ്കെടുത്തത്. ഇന്നത്തെ യുവതലമുറയ്ക്ക് വിവരങ്ങള്‍ അതിവേഗം ലഭ്യമാകുന്നുവെന്നും യോജിക്കാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ കൂടുതല്‍ തയ്യാറാകുന്നുവെന്നും റൗള്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായുള്ള റൗളിന്റെ കൂടിക്കാഴ്ചയും ശ്രദ്ധ നേടിയിരുന്നു. വന്ദേ ഭാരത് ട്രെയിന്‍ യാത്രയ്ക്കിടെ റൗളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് തരൂര്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കായുള്ള വോയ്‌സ് പ്രോസസ്സിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന റൗളിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
റൗളിനെപ്പോലുള്ള യുവ പ്രതിഭകള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇത്തരം യുവ നവോത്ഥാന പ്രവര്‍ത്തകര്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
പഠനത്തോടൊപ്പം എഐ സാങ്കേതികവിദ്യയും സംരംഭകത്വവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന 16-കാരന്‍ റൗള്‍ ജോണ്‍ അജുവിന്റെ നേട്ടങ്ങള്‍ പുതിയ തലമുറയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ ശ്രദ്ധേയ ഉദാഹരണമായി മാറുകയാണ്.