ആൽബർട്ടയിൽ വൻകിട എഐ ഡാറ്റാ സെൻ്റർ പദ്ധതി: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

By: 600110 On: Aug 25, 2026, 1:28 PM

 

 ആൽബർട്ടയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  മേഖലയിലെ പ്രമുഖ നിക്ഷേപ കേന്ദ്രമാക്കുന്നതിനായി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന ഡാറ്റാ സെന്റർ പദ്ധതികളെ ചൊല്ലി വൻ പൊതുജന ചർച്ചകൾ ഉയർന്നുവരുന്നു. ഇതിന്റെ ഭാഗമായി  മന്ത്രി നേറ്റ് ഗ്ലൂബിഷിന്റെ നേതൃത്വത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ച്  രണ്ടാമത്തെ യോഗം ചേർന്നു.  'മെറ്റ'  1,300 കോടി കനേഡിയൻ ഡോളർ ചെലവിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന അത്യാധുനിക എഐ ഡാറ്റാ സെന്റർ സ്ഥിതി ചെയ്യുന്ന സ്റ്റർജൻ കൗണ്ടിയിലാണ് പൊതുസമ്മേളനം നടന്നത്. പദ്ധതിയുടെ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ചും സുതാര്യതയെക്കുറിച്ചും ഉയർന്ന ആശങ്കകൾക്ക് മറുപടി നൽകാനാണ് ടൗൺ ഹാൾ ലക്ഷ്യമിട്ടത്.

ലാകോംബെയിൽ നടന്ന ആദ്യ കൂടിക്കാഴ്ചയിൽ ശക്തമായ  എതിർപ്പുകളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ രണ്ടാമത്തെ പൊതുജന സംവാദം സംഘടിപ്പിച്ചത്. ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിനായി വലിയ തോതിൽ ഊർജ്ജവും ജലവിഭവങ്ങളും ആവശ്യമായി വരുന്നത് വൈദ്യുതി ശൃംഖലയെ സമ്മർദ്ദത്തിലാക്കുമെന്നും കർഷക മേഖലയിലെ കുടിവെള്ള ലഭ്യതയെ ബാധിക്കുമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആശങ്ക. കൂടാതെ, സാാരണക്കാരുടെ ഭവന വൈദ്യുതി നിരക്കുകൾ വർദ്ധിക്കാൻ ഇത് ഇടയാക്കുമോ എന്ന ചോദ്യവും ചർച്ചയിൽ ഉയർന്നു. എന്നാൽ പ്രാദേശിക ജലസ്രോതസ്സുകൾ സുരക്ഷിതമായി നിലനിർത്തുന്നതിനും വൈദ്യുതി നിരക്കുകളിൽ വർദ്ധനവ് വരാതിരിക്കുന്നതിനും കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

വലിയ സാമ്പത്തിക നിക്ഷേപവും അത്യാധുനിക സാങ്കേതിക തൊഴിലവസരങ്ങളും പ്രവിശ്യയിലേക്ക് എത്തിക്കുകയാണ് ഗവൺമെന്റിന്റെ പ്രാഥമിക ലക്ഷ്യമെങ്കിലും, പ്രാദേശിക സൗകര്യങ്ങളും പാരിസ്ഥിതിക സുസ്ഥിരതയും ഉറപ്പാക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ജനങ്ങളുടെ നിലപാട്. പദ്ധതിയുടെ തുടർന്നുള്ള നടപടികൾ വിശദീകരിക്കുന്നതിനും ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് കൂടി പങ്കെടുക്കുന്ന ഓൺലൈൻ വിർച്വൽ ടൗൺ ഹാൾ യോഗം ആഗസ്റ്റ് 27-ന് നടക്കും. ഇതിനുപുറമെ, മറ്റൊരു സെൻ്റർ വരുന്ന  ഗ്രാൻഡ് പ്രേരിയിൽ അടുത്ത മാസം നേരിട്ടുള്ള ടൗൺ ഹാൾ സമ്മേളനവും സർക്കാർ  നിശ്ചയിച്ചിട്ടുണ്ട്.