കാൽഗറിയിലും പരിസര പ്രദേശങ്ങളിലുമുള്ള കോസ്റ്റ്കോ ഹോൾസെയിൽ ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ച് ബാർകോഡുകൾ തിരിമറി നടത്തി പതിനായിരക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികൾ പൊലീസിന്റെ പിടിയിലായി. മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന തട്ടിപ്പിലൂടെ 30,000 കനേഡിയൻ ഡോളറിലധികം കവർന്ന കേസിൽ 41-കാരിയായ ക്രിസ്റ്റി മേരി കോൺസ്റ്റാന്റിനോഫ്, 39-കാരനായ ആരോൺ ലീ ഹെഡ് എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രിൽ ഒൻപത് മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ബാർകോഡുകളിൽ വ്യാജമായി വില കുറഞ്ഞ ഉൽപ്പന്നങ്ങളുടെ UPC കോഡുകൾ ഒട്ടിച്ച് മാറ്റിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ടിവികൾ, കമ്പ്യൂട്ടറുകൾ, ഗെയിമിംഗ് കൺസോളുകൾ, സൗണ്ട് സിസ്റ്റങ്ങൾ എന്നിവയാണ് ഇവർ കുറഞ്ഞ വില കാണിക്കുന്ന ബാർകോഡുകൾ ഉപയോഗിച്ച് ബില്ലിംഗ് കൗണ്ടറുകളിലൂടെ സ്വന്തമാക്കിയത്.
സംശയത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ സ്ഥാപന അധികൃതർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവരുന്നത്. കാൽഗറി പോലീസ് ഡിസ്ട്രിക്റ്റ് 6 ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 1-ന് കോർണർബ്രൂക്ക് മേനറിലെ ഒരു വസതിയിൽ തിരച്ചിൽ നടത്തുകയും രണ്ട് പ്രതികളെയും സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പരിശോധനയിൽ തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾക്ക് പുറമെ വൻ മയക്കുമരുന്ന് ശേഖരവും വ്യാജ രേഖ നിർമ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു. 302 ഗ്രാമിലധികം വരുന്ന മെത്താംഫെറ്റാമൈൻ, ഡ്രഗ് പാക്കിംഗ് സാമഗ്രികൾ, വ്യാജ ക്രെഡിറ്റ് കാർഡ് നിർമ്മാണ മെഷീനുകൾ, കാർഡ് സ്കിമ്മറുകൾ, 31 വ്യാജ ക്രെഡിറ്റ് കാർഡുകൾ, രണ്ട് റസീപ്റ്റ് പ്രിന്ററുകൾ, മറ്റ് വ്യാജ ഐഡി രേഖകൾ എന്നിവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
പ്രതികളായ രണ്ടുപേർക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന, മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കൽ, വ്യാജ ഐഡി കൈവശം വെക്കൽ, ലഹരിമരുന്ന് കടത്ത് തുടങ്ങി 189 കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇത്തരം തട്ടിപ്പുകൾ തടയാൻ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശിക വിപണിയിലും വ്യാപാര സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.