ഓഗസ്റ്റ് 29-ന് ഡൊമിനിയൻ സൊസൈറ്റി ഓഫ് കാനഡ നടത്താനിരിക്കുന്ന സമ്മേളനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ഹാമിൽട്ടൺ മേഖലയിൽ 'ഡൊംകോൺ 2026' എന്ന പേരിലാണ് വൻ സമ്മേളനത്തിന് പദ്ധതിയിട്ടിരിക്കുന്നത്. കാനഡയിൽ കുടിയേറ്റക്കാർക്കെതിരെ വിദ്വേഷവും തീവ്ര ദേശീയതയും പ്രചരിപ്പിക്കുന്ന സംഘടനയാണ് ഡൊമിനിയൻ സൊസൈറ്റി ഓഫ് കാനഡ.
വിദേശ തൊഴിലാളികൾ, സ്ഥിരതാമസക്കാർ, കാനഡയിൽ ജനിച്ച വിദേശികളുടെ മക്കൾ തുടങ്ങി 50 ലക്ഷം മുതൽ 90 ലക്ഷം വരെ ആളുകളെ നാടുകടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ബാഹ്യമായി "കുടിയേറ്റ പരിഷ്കരണം" എന്ന് പറയുമെങ്കിലും, വെള്ളക്കാരല്ലാത്തവരെയും ക്രിസ്ത്യൻ ഇതര വിഭാഗങ്ങളെയും ഒഴിവാക്കുകയാണ് ഇവരുടെ യഥാർത്ഥ അജണ്ടയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.'നിയോ-നാസി' ഗ്രൂപ്പുകളുമായും മറ്റ് തീവ്ര വലതുപക്ഷ സംഘടനകളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ട്. മുൻ പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (PPC) നേതാവായ ഡാനിയൽ ടൈറിയാണ് ഈ സംഘടനയ്ക്ക് പിന്നിൽ.
കുടിയേറ്റ നയങ്ങളിൽ മാറ്റം വേണമെന്ന് വാദിക്കുന്നത് സ്വാഭാവികമാണെങ്കിലും, ചർമ്മത്തിൻ്റെ നിറം നോക്കി ആളുകളെ വേർതിരിക്കുന്നത് കനേഡിയൻ സംസ്കാരത്തിന് വിരുദ്ധമാണെന്ന് മുൻ കൺസർവേറ്റീവ് പ്രമുഖനായ ജേസൺ കെന്നി ഉൾപ്പെടെയുള്ള വലതുപക്ഷ നേതാക്കൾ വ്യക്തമാക്കി. രാജ്യത്തെ ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റക്കാരുടെ തലയിൽ കെട്ടിവെച്ച് സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നു.
വംശീയതയും വിദ്വേഷവും പരത്തി ചില വിഭാഗങ്ങൾക്ക് സുരക്ഷിതത്വമില്ലായ്മ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. ശക്തമായ ജനരോഷം ഉയർന്നതോടെ സമ്മേളനം നടക്കുന്ന കൃത്യമായ സ്ഥലം സംഘാടകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവർക്ക് ഹാൾ വിട്ടുനൽകരുതെന്ന് പ്രാദേശിക സംഘടനകൾ ബിസിനസ് സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.