ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

By: 600002 On: Aug 25, 2026, 1:06 PM

 


തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. 

അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.