നോർത്ത് വാൻകൂവർ ട്രെയ്‌ലിൽ നടക്കാനിറങ്ങിയയാൾക്ക് കറുത്ത കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു.ലോവർ സീമോർ കൺസർവേഷൻ റിസർവിലുള്ള റിച്ചാർഡ് ജുറിൻ ട്രെയ്‌ലിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് നടക്കുകയായിരുന്നയാളെ കരടി ഏറെനേരം പിന്തുടരുകയായിരുന്നു. കരടിയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് പിന്മാറാതെ വ്യക്തിയുടെ കാലിൽ മാന്തുകയായിരുന്നു എന്ന് കൺസർവേഷൻ ഓഫീസർ സർവീസ് അറിയിച്ചു.
സംഭവത്തെത്തുടർന്ന് റിച്ചാർഡ് ജുറിൻ ട്രെയ്‌ൽ ശൃംഖല പൂർണ്ണമായും അടച്ചു. ജനങ്ങൾ ഈ വഴിയേ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവരം ലഭിച്ച ഉടൻ കൺസർവേഷൻ ഓഫീസർമാർ സ്ഥലത്തെത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.പ്രദേശത്ത് മെട്രോ വാൻകൂവർ പാർക്‌സുമായി സഹകരിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കരടിയെ കാണുന്നവർ 1-877-952-7277 എന്ന RAPP ലൈനിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.