അമേരിക്കയുടെ കനത്ത താരിഫ് ഭീഷണിക്ക് ശക്തമായ തിരിച്ചടി നൽകാൻ ഒരുങ്ങി കാനഡ. തങ്ങളെ അമേരിക്കയുടെ ആശ്രിതരായി കാണാൻ അനുവദിക്കില്ലെന്നും, രാജ്യത്തിൻ്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന ചർച്ചകൾക്ക് മാത്രമേ കാനഡ തയ്യാറാകൂ എന്നും പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നായ കാനഡയുമായുള്ള വ്യാപാരബന്ധം തകരുന്നത് അമേരിക്കയിലെ തൊഴിലാളികളെയും ബാധിക്കുമെന്ന് മാർക്ക് കാർണി ഓർമ്മിപ്പിച്ചു. അമേരിക്കയുടെ ഈ ഏകപക്ഷീയമായ നിലപാടിൽ നിന്ന് ലോകരാജ്യങ്ങൾ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ നടപടിക്ക് മറുപടിയായി കാനഡയും തിരിച്ചടി താരിഫുകൾ ഏർപ്പെടുത്തും. സ്റ്റീൽ, ഡെയറി, ഇലക്ട്രോണിക്സ്, കാർഷിക ഉപകരണങ്ങൾ എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് കാനഡ മറുപടി നൽകുക.
വ്യാപാര തർക്കം കാരണം പ്രതിസന്ധിയിലാകുന്ന വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും പ്രത്യേക സഹായ പാക്കേജ് നൽകുമെന്ന് ധനമന്ത്രി ഫ്രാൻസിസ്-ഫിലിപ്പ് ഷാംപെയ്ൻ അറിയിച്ചു.പുതിയ താരിഫുകൾ കാനഡയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും, ഒൻ്റാരിയോ, ക്യുബെക് എന്നിവിടങ്ങളിലെ ചെറുകിട വ്യവസായങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതേ സമയം സോഷ്യൽ മീഡിയ വഴി കനേഡിയൻ നേതാക്കളെ രൂക്ഷമായി വിമർശിച്ച ട്രംപ്, കൂടുതൽ സാമ്പത്തിക നടപടികൾ നേരിടേണ്ടി വരുമെന്ന് വീണ്ടും മുന്നറിയിപ്പും നല്കി.