പ്രസാദ് തീയാടിക്കല്‍
ഫോറസ്റ്റ് ഗ്രോവ്, ഒറിഗണ്‍: അമേരിക്കയിലെ ഒറിഗണ്‍ സംസ്ഥാനത്ത് ഫോറസ്റ്റ് ഗ്രോവിന് സമീപമുള്ള ഗ്രാമപ്രദേശത്തെ ഒരു വസ്തുവില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ കാമുകനായ 36കാരന്‍ ബെഞ്ചമിന്‍ പാര്‍ക്കറാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
വസ്തുവിന്റെ ഉടമയായ റോവന്‍ കാര്‍ല കിംസി (60), ഇവരുടെ മാതാവ് പോര്‍ട്ട്ലന്‍ഡ് സ്വദേശിനിയായ മേരി എലിസബത്ത് കിംസി (85), പോര്‍ട്ട്ലന്‍ഡില്‍ നിന്നുള്ള ദമ്പതികളായ ലിന്‍സി മേ ഹരാള്‍ഡ്സന്‍ (26), ആല്‍വിന്‍ റെയ്മണ്ട് ചു (27), സ്റ്റെല്ല ജേഡ് കിംസി (26) എന്നിവരാണ് കൊല്ലപ്പെട്ടത്.
മേരി എലിസബത്ത് കിംസിയുടെ കൊച്ചുമകളാണ് സ്റ്റെല്ല. കൊല്ലപ്പെട്ട ലിന്‍സിയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്ന സ്റ്റെല്ല, കാമുകന്‍ ബെഞ്ചമിന്‍ പാര്‍ക്കറിനൊപ്പം സംഭവസ്ഥലത്തെ വസ്തുവിലാണ് താമസിച്ചിരുന്നതെന്ന് വാഷിങ്ടണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
സംഭവത്തിനു പിന്നാലെ ഞായറാഴ്ച, സിയാറ്റിലിന് സമീപമുള്ള എനംക്ലോ നഗരത്തില്‍ ബെഞ്ചമിന്‍ പാര്‍ക്കറെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളാണ് അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ കൂട്ടക്കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സംഭവസ്ഥലത്ത് രണ്ട് പൂച്ചകളെയും രണ്ട് നായകളെയും ചത്ത നിലയില്‍ കണ്ടെത്തിയതായും ഷെരീഫ് ഓഫീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു പൂച്ചയെ ചികിത്സയ്ക്കായി വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കുകളുടെ ഗുരുതരാവസ്ഥ കാരണം പിന്നീട് ദയാവധത്തിന് വിധേയമാക്കി. വസ്തുവിലുണ്ടായിരുന്ന മറ്റ് വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ 5.27ഓടെയാണ് സംഭവത്തിന്റെ തുടക്കം. ഫോറസ്റ്റ് ഗ്രോവിന് പുറത്തുള്ള പ്രദേശത്ത് ഒരു വാഹനം കത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എീൃലേെ ഏൃീ്‌ല എശൃല & ഞലരൌല സംഘം സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനിടെ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുപേരുടെയും നിരവധി വളര്‍ത്തുമൃഗങ്ങളുടെയും മരണം സ്ഥിരീകരിച്ചത്.
''എന്റെ 22 വര്‍ഷത്തെ സേവനത്തിനിടെ ഇത്രയും സങ്കീര്‍ണമായ ഒരു സംഭവസ്ഥലവും അന്വേഷണവും നേരിട്ടിട്ടില്ല,'' എന്ന് വാഷിങ്ടണ്‍ കൗണ്ടി ഷെരീഫ് കാപ്രിസ് മാസി പ്രതികരിച്ചു. സംഭവത്തിന്റെ പൂര്‍ണ പശ്ചാത്തലവും കൊലപാതകങ്ങളുടെ കാരണവും കണ്ടെത്താന്‍ വിശദമായ അന്വേഷണം തുടരുകയാണ്.