സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലല്ലാതെ തൊഴിലാളികളെ ജോലിചെയ്യാന്‍ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് ശിക്ഷ

By: 600007 On: Nov 2, 2021, 2:55 AM

   
സ്വന്തം  സ്‌പോണ്‍സര്‍ഷിപ്പിനു കീഴിലല്ലാതെ മറ്റ് തൊഴിലുടമകളോടൊപ്പം ജോലിചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് സൗദി അറേബ്യയില്‍ കടുത്ത ശിക്ഷ. പരമാവധി ആറ് മാസം വരെ തടവും ഒരുലക്ഷം റിയാല്‍ പിഴയുമാണ്  ഈടാക്കുക. തൊഴിലുടമക്ക് പരമാവധി അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് നിരോധനവും ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 

വിദേശിയാണ് തൊഴിലുടമയെങ്കില്‍ നാടുകടത്തും. തൊഴില്‍ നിയമ ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിപ്പിക്കും. താമസ, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളുടെ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മക്ക, റിയാദ് മേഖലയിലുള്ളവര്‍ 911 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കോ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലൊ റിപ്പോര്‍ട്ട് ചെയ്യാന്‍ പാസ്‌പോര്‍ട്ട് വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സ്‌പോണ്‍സറുടെ കീഴിലല്ലാതെ സ്വന്തം നേട്ടത്തിനായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പരമാവധി ആറ് മാസം തടവും 50,000 റിയാല്‍ പിഴയും ഈടാക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരക്കാരെ ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും ശേഷം നാടുകടത്തും.

Content highlight: Strict action against employers who allow employes to work without sponsorship under them