പ്രസാദ് തീയാടിക്കല്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ അഭയം തേടിയതോ നിലവില്‍ അഭയാര്‍ത്ഥി പദവിക്കായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നതോ ആയ വിദേശികളുടെ B1, B2 ബിസിനസ്-ടൂറിസ്റ്റ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നടപടി നടപ്പായാല്‍ ഏകദേശം രണ്ട് ലക്ഷം വിദേശികളെ വരെ ബാധിച്ചേക്കാമെന്നും, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണത്തെ കൂട്ട വിസ റദ്ദാക്കലായി ഇത് മാറിയേക്കാമെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളും രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. 2016 മുതല്‍ 2026 വരെ അനുവദിച്ച ആ1, ആ2 വിസകളില്‍, പിന്നീട് അമേരിക്കയില്‍ അഭയത്തിനായി അപേക്ഷിച്ചവരുടെയോ ഇപ്പോള്‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്നവരുടെയോ വിസകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുമായി സഹകരിച്ചായിരിക്കും നടപടികള്‍.
ഹ്രസ്വകാല സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ശേഷം സ്ഥിരമായി രാജ്യത്ത് തുടരുന്നതിനായി അഭയാര്‍ഥി അപേക്ഷ സമര്‍പ്പിച്ചവരുടെ നോണ്‍-ഇമിഗ്രന്റ് വിസകള്‍ കണ്ടെത്തി റദ്ദാക്കുന്നതിനായി ഹോംലാന്‍ഡ് സെക്യൂരിറ്റിയുമായി ഏകോപനം നടത്തുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
എന്നാല്‍ കൃത്യമായി എത്ര വിസകള്‍ റദ്ദാക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയും വിസ റദ്ദാക്കലും തുടര്‍ച്ചയായ പ്രക്രിയയായതിനാല്‍ എണ്ണം മാറിക്കൊണ്ടിരിക്കാമെന്നാണ് വിശദീകരണം.
B1/B2 വിസ റദ്ദാക്കുന്നത് ഉടന്‍ നാടുകടത്തലിന് തുല്യമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അഭയാര്‍ഥി അപേക്ഷകള്‍ പരിഗണനയിലുള്ള പലര്‍ക്കും അവരുടെ കേസുകള്‍ തുടരാനാകുമെങ്കിലും, ബിസിനസ് അല്ലെങ്കില്‍ ടൂറിസ്റ്റ് യാത്രക്കാരെന്ന നിലയിലുള്ള വിസ പദവി നഷ്ടപ്പെടാം.
B1 വിസ സാധാരണയായി ബിസിനസ് ആവശ്യങ്ങള്‍ക്കായും B2 വിസ വിനോദസഞ്ചാരം, കുടുംബസന്ദര്‍ശനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായുമാണ് അനുവദിക്കുന്നത്.
നിലവില്‍ B1/B2 വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ അഭയം തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സന്ദര്‍ശനത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും തെളിയിക്കേണ്ടതുണ്ട്. ടൂറിസ്റ്റ് അല്ലെങ്കില്‍ ബിസിനസ് വിസ ഉപയോഗിച്ച് അമേരിക്കയിലെത്തി പിന്നീട് അഭയാര്‍ഥി അപേക്ഷ നല്‍കുന്നത് കുടിയേറ്റ നിയമങ്ങള്‍ മറികടക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
കഴിഞ്ഞ 18 മാസത്തിനിടെ വിവിധ കാരണങ്ങളാല്‍ ഏകദേശം 1.75 ലക്ഷം വിസകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, രണ്ട് ലക്ഷം വരെ വിസകള്‍ റദ്ദാക്കാനുള്ള പുതിയ നീക്കം അന്തിമ തീരുമാനമായിട്ടില്ല. നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്താല്‍ നിയമപരമായ വെല്ലുവിളികള്‍ കോടതികളില്‍ ഉയരാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ നിലവില്‍ ഇത് നടപ്പിലായ തീരുമാനം എന്നതിലുപരി, ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്ന നടപടിയായാണ് കാണേണ്ടത്.