ബാബു പി. സൈമണ്‍, ഡാളസ്
ഡാളസ്: ഡാളസ് മാര്‍ത്തോമാ സമൂഹത്തിന്റെ ഐക്യത്തിലും സ്നേഹത്തിലും സന്തോഷം പ്രകടിപ്പിച്ച് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റെവ. ഡോ. എബ്രഹാം മാര്‍ പൗലോസ് തിരുമേനി. പതിനെട്ടാമത് സന്നദ്ധ സുവിശേഷ സംഘം കോണ്‍ഫറന്‍സിന്റെ സമാപന ദിവസം നടന്ന ആരാധനാമധ്യേ സംസാരിക്കുകയായിരുന്നു തിരുമേനി.
ഡാളസ് മണ്ണില്‍ മാര്‍ത്തോമാ സഭയുടെ സാന്നിധ്യം അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയില്‍, ഓഗസ്റ്റ് 23-ന് നടന്ന സംയുക്ത വിശുദ്ധ കുര്‍ബാന സഭയുടെ വളര്‍ച്ചയുടെയും ആത്മീയ ഉണര്‍വ്വിന്റെയും വിളംബരമായി മാറി. ഡാളസ് സെന്റര്‍ 'എ'-യില്‍ ഉള്‍പ്പെട്ട ഇടവകകളില്‍ നിന്നും വികാരിമാരുടെ നേതൃത്വത്തില്‍ ആയിരത്തിലധികം വിശ്വാസികളാണ് ഭക്തിസാന്ദ്രമായ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നത്.
ഡാളസിലെ വിശ്വാസി സമൂഹം ഒരു മനസ്സോടെ ദൈവത്തെ ആരാധിക്കാന്‍ ഒത്തുചേര്‍ന്നത്, പ്രത്യേകിച്ച് തന്റെ ജന്മദിനത്തിനോടനുബന്ധിച്ചുള്ള ഈ ദിവസങ്ങളില്‍, ഭദ്രാസനാധിപന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയതും അര്‍ത്ഥപൂര്‍ണ്ണവുമായ സമ്മാനമാണെന്ന് തിരുമേനി തന്റെ സന്ദേശത്തില്‍ വികാരനിര്‍ഭരമായി പങ്കുവെച്ചു. നേതൃത്വം നല്‍കിയ എല്ലാ വികാരിമാര്‍ക്കും ഇടവക ചുമതലക്കാര്‍ക്കും തിരുമേനി പ്രത്യേക നന്ദി രേഖപ്പെടുത്തി.
ആരാധനയിലെ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും സമര്‍പ്പണവും ഏറെ ശ്രദ്ധേയമായി. ശുശ്രൂഷകളില്‍ സഹായിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച അള്‍ത്താര ബാലന്മാരുടെ (Altar Boys) സജീവ സാന്നിധ്യത്തെ തിരുമേനി പ്രശംസിച്ചു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പുതുതലമുറ സഭയുടെ ആത്മീയ നേതൃത്വത്തിലേക്കും ശുശ്രൂഷകളിലേക്കും കടന്നുവരുന്നത് മാര്‍ത്തോമാ സഭയുടെ ഭാവിക്ക് വലിയ പ്രത്യാശ പകരുന്നതാണെന്ന് തിരുമേനി ചൂണ്ടിക്കാട്ടി. ആരാധനയ്ക്കു ശേഷം നടന്ന അള്‍ത്താര ബാലന്മാരുടെ സംഗമം തങ്ങള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു എന്ന് പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.
ഡാളസ് മാര്‍ത്തോമാ വിശ്വാസ സമൂഹത്തിന് നന്മകളും പ്രാര്‍ത്ഥനാശംസകളും നേര്‍ന്ന തിരുമേനി, ഭദ്രാസനത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.