ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോണ്‍ ഡാനിയേല്‍

By: 600002 On: Aug 24, 2026, 3:39 PM



പി. പി. ചെറിയാന്‍

ഡാളസ്: ലോകസുഖങ്ങള്‍ക്കും ഭൗതികനേട്ടങ്ങള്‍ക്കുമപ്പുറം ക്രിസ്തുവിന്റെ സ്‌നേഹവും കൃപയും അനുഭവിച്ച് ജീവിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ  ഡോ. വിനു ജോണ്‍ ഡാനിയേല്‍. ആഗസ്ത് 20 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18ാമത് നാഷണല്‍ സമ്മേളനത്തില്‍ മൂന്നാം ദിനം വൈകീട്ട് നടന്ന സെഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ധനവും സമ്പത്തും ലോകവിജയങ്ങളും മാത്രമാണ് ജീവിതത്തിന്റെ പൂര്‍ണ്ണതയെന്ന് കരുതുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് സമ്മേളനത്തില്‍  ഉയര്‍ന്നു കേട്ടത്. ''നമുക്ക് ധനമുണ്ടാകാം, സമ്പത്തുണ്ടാകാം, എന്നാല്‍ രാത്രിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തോട് നാം ചോദിക്കേണ്ടത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്നാണ്,'' ഡോ. വിനു ജോണ്‍ ഡാനിയേല്‍ ഓര്‍മ്മിപ്പിച്ചു. 

ലോകം നമ്മെ പലപ്പോഴും വഞ്ചിച്ചേക്കാം, എന്നാല്‍ പ്രതിസന്ധിഘടങ്ങളില്‍ നമ്മെ പിടിച്ചുനിര്‍ത്തുന്നത് ക്രിസ്തുവിന്റെ കൃപയും സ്‌നേഹവുമാണ്. ക്രിസ്തീയ വിശ്വാസം വെറുമൊരു അറിവോ മതപരമായ തിരിച്ചറിയലോ അല്ല, മറിച്ച് യേശുവുമായി പുലര്‍ത്തുന്ന ജീവനുള്ള ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തില്‍ കോവിഡ് മഹാമാരി നല്‍കിയ പാഠങ്ങളെക്കുറിച്ചും സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഗൗരവമായ ആത്മപരിശോധനയുണ്ടായി. മനുഷ്യന്റെ കഴിവുകള്‍ക്ക് പരിധികളുണ്ടെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രതിസന്ധിഘട്ടത്തില്‍ ദൈവത്തെ തേടിയ മനുഷ്യര്‍, ഇന്ന് സൗകര്യങ്ങള്‍ മടങ്ങി വന്നപ്പോള്‍ വീണ്ടും ആത്മീയമായ ഉറക്കത്തിലേക്കും മന്ദതയിലേക്കും വഴുതിവീഴുന്നുണ്ടോ എന്ന് ഡോ വിനു സംശയം പ്രകടിപ്പിച്ചു. പ്രതിസന്ധി വരുമ്പോള്‍ മാത്രം ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, എല്ലാക്കാലത്തും ദൈവത്തോടുള്ള സ്ഥിരമായ ബന്ധം പുലര്‍ത്തുന്നവരായി വിശ്വാസികള്‍ മാറേണ്ടതുണ്ട്.

കര്‍ത്താവ് അയക്കുമ്പോള്‍ ''ഞാന്‍ പോകാം'' എന്ന് പൂര്‍ണ്ണമനസ്സോടെ ഏറ്റുപറയാന്‍ വിശ്വാസികള്‍ക്ക് കഴിയണം. സുവിശേഷം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പങ്കുവെക്കാനുള്ളതാണ്.നാം ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന ബോധ്യത്തോടെ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവനെ ലോകത്തിന് കാണിച്ചുകൊടുക്കണം.വിഭാഗീയതകള്‍ക്കും പേരുകള്‍ക്കും അപ്പുറം ക്രിസ്തുവില്‍ സഭ ഒന്നാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, ക്രിസ്തുവുമായുള്ള ജീവിക്കുന്ന ബന്ധത്തില്‍ വളരാന്‍ ഡോ. വിനു  ആഹ്വാനം ചെയ്തു.

നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ പ്രാതലോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പാട്ടുസെഷനും ആരാധനയും റെവ. ആശിഷ് തോമസ് നയിക്കുന്ന ബൈബിള്‍ പഠനവും നടന്നു. കോഫി ബ്രേക്കിനു ശേഷം റെവ. ഡോ. മോത്തി വര്‍ക്കി നയിച്ച പ്രധാന പ്രസംഗവും ഗ്രൂപ്പ് ചര്‍ച്ചകളും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു.

ഉച്ചയ്ക്കുശേഷം നടന്ന പാട്ടുസെഷനെ തുടര്‍ന്ന് ഡോ. സിനി അബ്രഹാം നയിച്ച 'Aging Well: Navigating Health and Social Challenges' എന്ന വിഷയത്തിലുള്ള സെമിനാര്‍ ഏറെ ശ്രദ്ധേയമായി. ബിസിനസ്സ് സെഷനും അത്താഴത്തിനും ശേഷം, വൈകുന്നേരം സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ  റോബിന്‍ അച്ചന്റെ നെത്ര്വത്വത്തില്‍ നടന്ന പാട്ടുസെഷനും ഡോ. വിനോ ജോണ്‍ ഡാനിയേല്‍ നയിച്ച റിവൈവല്‍ മീറ്റിംഗും സഭയ്ക്ക് വലിയൊരു ആത്മീയ അനുഭൂതിയായി മാറി.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വികാരി റവ. റെജിന്‍ രാജു സ്വാഗതം ആശംസിക്കുകയും മുഖ്യ പ്രഭാഷകന്‍ ഡോ. വിനു ജോണ്‍ ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്തു. സാക്ഷ്യവും സമര്‍പ്പണവും അടങ്ങുന്ന ആരാധനാ സെഷന് ശേഷം ശയന നമസ്‌കാരത്തോടെ മൂന്നാം ദിനത്തെ  ധന്യമായ ശുശ്രൂഷകള്‍ക്ക് സമാപനമായി.