ന്യൂയോര്‍ക്ക് കാപിറ്റോള്‍ മന്ദിരം തകര്‍ക്കാന്‍ ഭീകരവാദ പദ്ധതി: യുവതി അറസ്റ്റില്‍

By: 600002 On: Aug 24, 2026, 3:24 PM

 

പി പി ചെറിയാന്‍

അല്‍ബനി: ന്യൂയോര്‍ക്ക് സ്റ്റേറ്റ് കാപിറ്റോള്‍ മന്ദിരത്തില്‍ സ്‌ഫോടനം നടത്തി ജനപ്രതിനിധികളെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ മുസ്ലീം മതപരിവര്‍ത്തനം നടത്തിയ യുവതി അറസ്റ്റിലായി. അല്‍ബനി സ്വദേശിനിയായ ജെസീക്ക ബോവി (35) ആണ് ഫെഡറല്‍ ഏജന്‍സികളുടെ പിടിയിലായത്.

സെനറ്റര്‍മാരുടെ യോഗം നടക്കുമ്പോള്‍ കാപിറ്റോള്‍ മന്ദിരത്തില്‍ ബോംബ് സ്‌ഫോടനം നടത്തി പരമാവധി ആളുകളെ കൊലപ്പെടുത്തുക.  ഫുഡ് ഡെലിവറി ജീവനക്കാരെപ്പോലെ വേഷംമാറി എത്തി ബോംബ് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനയ്ക്ക് ഔദ്യോഗികമായി കൂറുമാറ്റം പ്രഖ്യാപിച്ച ഇവര്‍, എഫ്.ബി.ഐ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. 

സ്‌ഫോടകവസ്തുക്കള്‍ വാങ്ങുകയും, വ്യാജമായി തയ്യാറാക്കിയ സ്‌ഫോടക ഉപകരണം കൈപ്പറ്റുകയും ചെയ്തതിന് പിന്നാലെ എഫ്.ബി.ഐ സംഘം ഇവരെ പിടികൂടുകയായിരുന്നു. ഭീകരവാദ സംഘടനയ്ക്ക് ഭൗതിക സഹായം നല്‍കാന്‍ ശ്രമിച്ച കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.