വിശ്വാസത്തിന്റെ ആത്മീയ ചൈതന്യമായി ദേവാലയങ്ങള്‍ മാറണം: റവ. ഡോ. മോത്തി വര്‍ക്കി

By: 600002 On: Aug 24, 2026, 2:33 PM



 

പി പി ചെറിയാന്‍

ഡാളസ്: ദേവാലയങ്ങള്‍ കേവലം കെട്ടിടങ്ങളോ ആചാരങ്ങളുടെ വേദികളോ ആയി ചുരുങ്ങിപ്പോകരുതെന്നും, അവ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്തുന്ന പവിത്രമായ വിശ്വാസകേന്ദ്രങ്ങളായി രൂപാന്തരപ്പെടണമെന്നും മാര്‍ത്തോമാ സഭയില്‍ പൂര്‍വ പിതാക്കന്മാര്‍ നവീകരണ കാലഘട്ടത്തില്‍ ഉയര്‍ത്തിപ്പിടിച്ച മാറ്റമില്ലാത്ത സുവിശേഷ സത്യങ്ങള്‍ക്കായി ശക്തിയായി നിലകൊള്ളുന്ന റവ. ഡോ. മോത്തി വര്‍ക്കി ഓര്‍മ്മിപ്പിച്ചു.

ആഗസ്ത് 20 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക -കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18ാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡാളസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ നടന്ന ഈ ആത്മീയ സംഗമം വിശ്വാസികള്‍ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുന്നത്.

യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തെ ആധാരമാക്കി റവ. ഡോ. മോത്തി വര്‍ക്കി നടത്തിയ വചനശുശ്രൂഷ വിശ്വാസികളില്‍ ആത്മീയ ചിന്തകള്‍ക്ക് ആഴം കൂട്ടി. യോഹന്നാന്‍ സ്‌നാപകന്റെ ശുശ്രൂഷയില്‍ നിന്ന് യേശുവിലേക്കുള്ള ആത്മീയ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്.
ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ദൈവവചനത്തെ അടിത്തറയാക്കി വിശ്വാസത്തില്‍ വളരാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ഇടങ്ങള്‍: ദേവാലയങ്ങള്‍ വെറുമൊരു സാമൂഹിക കൂട്ടായ്മയോ ആള്‍ക്കൂട്ടമോ മാത്രമല്ല; മറിച്ച്, മനുഷ്യജീവിതത്തെ സമൂലം മാറ്റിയെടുക്കുന്ന യഥാര്‍ത്ഥ ആത്മീയ കേന്ദ്രങ്ങളായി മാറണം.

'നിങ്ങള്‍ക്ക് എന്ത് വേണം?' എന്ന യേശുവിന്റെ ചോദ്യത്തിന് ഉത്തരമായി, അവനോടൊപ്പം വസിച്ച് അവന്റെ ദിവ്യസ്‌നേഹം അനുഭവിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ചയിലെ ചടങ്ങുകള്‍ അതീവ വിപുലമായാണ് ക്രമീകരിച്ചിരുന്നത്:

പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച പരിപാടികള്‍ക്ക് ഗാനശുശ്രൂഷയും ആരാധനയും നേതൃത്വം നല്‍കി. തുടര്‍ന്ന് റവ. ജോസി ജോസഫ് ബൈബിള്‍ പഠന ക്ലാസിന് നേതൃത്വം കൊടുത്തു. കോഫി ബ്രേക്കിനു ശേഷം നടന്ന പ്രധാന പ്രസംഗത്തിന് റവ. ഡോ. മോത്തി വര്‍ക്കി നേതൃത്വം നല്‍കി. ഇതിനു പിന്നാലെ വിശ്വാസികള്‍ക്കായി ഗ്രൂപ്പ് ചര്‍ച്ചകളും ഗ്രൂപ്പ് മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു.

ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനില്‍ ഡോ. ജോജി വര്‍ഗീസ് ആരോഗ്യ പരിപാലന സെമിനാര്‍ നയിച്ചു. തുടര്‍ന്ന് മിസ്റ്റര്‍ ജോര്‍ജ് പി. ബാബു 'മിഷന്‍ അനുഭവവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംസാരിച്ചു.ഫ്രഷ് അപ്പിനും അത്താഴത്തിനും ശേഷം നടന്ന ഗാനശുശ്രൂഷയ്ക്ക് ശേഷം ഡോ. വിനോ ജോണ്‍ ഡാനിയേല്‍ ഉണര്‍വ്വ് യോഗത്തിന് നേതൃത്വം നല്‍കി.

പ്രശസ്തമായ 'സാധു കൊച്ചുകുഞ്ഞു ഉപദേശി' നാടകാവതരണവും ശയന നമസ്‌കാരത്തോടെയും ആ ദിവസത്തെ അനുഗ്രഹീത പരിപാടികള്‍ പൂര്‍ത്തിയായി.