മുൻപ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തികളെ വീണ്ടും ലക്ഷ്യമിട്ട് രാജ്യത്ത് വൻ തട്ടിപ്പ് സംഘം സജീവമാകുന്നതായി കനേഡിയൻ ആൻ്റി-ഫ്രോഡ് സെൻ്ററിൻ്റെ മുന്നറിയിപ്പ്. ഔദ്യോഗിക അന്വേഷണ ഏജൻസികളുടെയും കാനഡ റവന്യൂ ഏജൻസി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെയും പേരും ഔദ്യോഗിക പദവികളും ദുരുപയോഗം ചെയ്താണ് കുറ്റവാളികൾ പുതിയ സാമ്പത്തിക ചൂഷണം നടത്തുന്നത്.
നഷ്ടപ്പെട്ടുപോയ തുക തിരികെ ലഭ്യമാക്കാൻ സഹായിക്കാമെന്ന വ്യാജ വാഗ്ദാനം നൽകി തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി അധികൃതർ വ്യക്തമാക്കി. അന്വേഷണ ഏജൻസികളുടെ മുദ്രപതിപ്പിച്ച വ്യാജ രേഖകളും വ്യാജ ഐഡൻ്റിറ്റി കാർഡുകളും ടെലിഫോൺ സ്പൂഫിംഗ് സാങ്കേതികവിദ്യയും ഇവർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അന്വേഷണത്തിൻ്റെയോ ലീഗൽ പ്രൊസസിംഗിൻ്റെയോ ഭാഗമെന്ന വ്യാജേന 'റിക്കവറി ഫീ' ഇനത്തിൽ മുൻകൂറായി തുക ആവശ്യപ്പെടുകയാണ് ഇവരുടെ പ്രധാന രീതി.
ഇതിനുപുറമേ, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, രഹസ്യ പാസ്‌വേഡുകൾ എന്നിവയും ഇവർ തന്ത്രപൂർവ്വം കൈക്കലാക്കുന്നു. എന്നാൽ, ഒരുകാരണവശാലും ഔദ്യോഗിക അന്വേഷണ ഏജൻസികളോ ക്രമസമാധാന പാലകരോ വ്യക്തികളിൽ നിന്ന് റിക്കവറി ഫീസായി പണമോ രഹസ്യ ബാങ്കിംഗ് വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് CAFC വ്യക്തമാക്കി. ഇത്തരത്തിലുള്ള സംശയസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ പ്രതികരിക്കരുതെന്നും, ഉടൻ തന്നെ പ്രാദേശിക പോലീസിലോ കനേഡിയൻ ആൻ്റി-ഫ്രോഡ് സെൻ്ററിലോ വിവരമറിയിക്കണമെന്നും ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.