'സീ' അല്ല, 'സെഡ്'; അക്ഷരത്തിൻ്റെ കാര്യത്തിലും അമേരിക്കയ്ക്ക് മുന്നിൽ സ്വത്വം ഉയർത്തിപ്പിടിച്ച് കാനഡ

By: 600110 On: Aug 24, 2026, 1:08 PM

 

ഇംഗ്ലീഷ് അക്ഷരമാലയിലെ 'Z' എന്ന അവസാന അക്ഷരം എങ്ങനെ ഉച്ചരിക്കണം? അമേരിക്കക്കാരോട് ചോദിച്ചാൽ 'സീ' (Zee) എന്ന് പറയും; കനേഡിയൻമാരോട് ചോദിച്ചാൽ 'സെഡ്' (Zed) എന്നും! കേൾക്കുമ്പോൾ വെറുമൊരു ഭാഷാ വ്യത്യാസമായി തോന്നാമെങ്കിലും, കനേഡിയൻമാർക്ക് ഇത് വെറുമൊരു അക്ഷരമല്ല; അമേരിക്കൻ സംസ്കാരത്തിൽ നിന്ന് തങ്ങളെ വേർതിരിച്ചു നിർത്തുന്ന ദേശീയ സ്വത്വത്തിന്റെ പ്രതീകമാണ്.

'സെഡ്' എന്ന ഉച്ചാരണത്തിന് 2,500 വർഷത്തിലേറെ പഴക്കമുണ്ട്. പുരാതന ഗ്രീക്ക് പദമായ 'സിറ്റ' (Zeta) യിൽ നിന്നാണ് ഇതിൻ്റെ തുടക്കം. എ.ഡി 1066-ൽ നോർമാൻമാർ ഇംഗ്ലണ്ട് കീഴടക്കിയതോടെ ഫ്രഞ്ച് ഭാഷ ബ്രിട്ടീഷ് കൊട്ടാരങ്ങളിൽ പ്രധാന ഭാഷയായി മാറി. ഫ്രഞ്ചിലെ 'സെഡ്' എന്ന പദമാണ് പിന്നീട് ബ്രിട്ടീഷ് ഇംഗ്ലീഷിൻ്റെ ഭാഗമായത്. ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിലെല്ലാം 'സെഡ്' തന്നെയാണ് ഇപ്പോഴും ഔദ്യോഗികമായി ഉപയോഗിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ 'സീ' എന്ന ഉച്ചാരണവും നിലവിലുണ്ടായിരുന്നു. എന്നാൽ 1800-കളുടെ തുടക്കത്തിൽ പ്രശസ്ത അമേരിക്കൻ നിഘണ്ടു നിർമ്മാതാവായ നോവ വെബ്സ്റ്റർ ആണ് ഇത് അമേരിക്കയിൽ ജനപ്രിയമാക്കിയത്. ബ്രിട്ടനിൽ നിന്ന് വേറിട്ടൊരു ഭാഷാ ശൈലി അമേരിക്കയ്ക്ക് വേണമെന്ന ചിന്തയാണ് വെബ്സ്റ്ററിനെ ഇതിന് പ്രേരിപ്പിച്ചത്. 'Colour' എന്നത് 'Color' എന്നും 'Centre' എന്നത് 'Center' എന്നും അമേരിക്ക തിരുത്തിയ കൂട്ടത്തിലാണ് 'Z' എന്നത് 'സീ' ആയതും.

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ പാഠപുസ്തകങ്ങൾ കാനഡയിലെ കുട്ടികളിലേക്ക് 'സീ' എന്ന ഉച്ചാരണം എത്തിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന കാനഡ,രാജ്യത്തെ കുട്ടികൾ ബ്രിട്ടീഷ് ഇംഗ്ലീഷ് തന്നെ പഠിക്കണമെന്ന് ഉറപ്പാക്കി. 1846-ൽ ബ്രിട്ടീഷ് ശൈലിയിലുള്ള പാഠപുസ്തകങ്ങൾ കാനഡ നിർബന്ധമാക്കിയതോടെയാണ് തലമുറകളായി കനേഡിയൻമാർ 'സെഡ്' എന്ന് തന്നെ ഉച്ചരിച്ചു പോന്നത്.

സെസമീ സ്ട്രീറ്റ് പോലുള്ള ജനപ്രിയ അമേരിക്കൻ കുട്ടികളുടെ ടിവി ഷോകളും സോഷ്യൽ മീഡിയയും കാരണമായി പുതിയ തലമുറയിലെ കനേഡിയൻ കുട്ടികൾക്കിടയിൽ 'സീ' എന്ന ഉച്ചാരണം വീണ്ടും കടന്നുകൂടുന്നുണ്ട്. 1972-ൽ 77 ശതമാനം കനേഡിയൻമാരും 'സെഡ്' എന്ന് ഉപയോഗിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് അതിൽ പകുതിയോളം കുറവുണ്ടായിട്ടുണ്ട്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പോലുള്ള പ്രവിശ്യകളിൽ 'സീ' യ്ക്കാണ് കൂടുതൽ പ്രചാരം.

എന്നിരുന്നാലും, പ്രായം കൂടുന്തോറും കനേഡിയൻമാർ അമേരിക്കൻ ശൈലിയായ 'സീ' ഉപേക്ഷിച്ച് തങ്ങളുടെ തനിമ നിലനിർത്താനായി 'സെഡ്' എന്നതിലേക്ക് തിരികെ വരുന്നതായാണ് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നത്.