ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മമ്മി ചെയ്ത മനുഷ്യ ശരീരഭാഗങ്ങൾ അനധികൃതമായി വിൽക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി പഠന റിപ്പോർട്ട്. ഇത്തരം ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് അന്താരാഷ്ട്ര പഠനം വ്യക്തമാക്കുന്നു.
'ഇൻ്റർനാഷണൽ ജേണൽ ഓഫ് കൾച്ചറൽ പ്രോപ്പർട്ടി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 2015 മുതൽ 2025 വരെയുള്ള കാലയളവിൽ സോഷ്യൽ മീഡിയ വഴി നടന്ന 128 വിൽപന പരസ്യങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മമ്മി ചെയ്ത തലകൾ, കൈകൾ, കാലുകൾ എന്നിവയ്ക്കാണ് വിപണിയിൽ വൻ പ്രിയം. ഈജിപ്ത്, തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പുരാതന അവശിഷ്ടങ്ങളാണ് പ്രധാനമായും വിൽക്കപ്പെടുന്നത്.
ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മൃതദേഹാവശിഷ്ടങ്ങളിൽ നൂറ്റാണ്ടുകളോളം നശിക്കാതെ കിടക്കുന്ന ഫംഗസുകളും ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഗ്ലൗസുകളോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ഇവ തൊടുന്നത് ശ്വാസകോശ രോഗങ്ങൾക്കും കണ്ണ്, ചർമ്മ രോഗങ്ങൾക്കും കാരണമാകും.
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ആർസെനിക്, മെർക്കുറി തുടങ്ങിയ മാരക വിഷാംശമുള്ള രാസവസ്തുക്കളുടെ സാന്നിധ്യവും ഇവയിലുണ്ട്. തപാൽ സർവീസുകൾ വഴി മനുഷ്യ അവശിഷ്ടങ്ങൾ അയക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, 'പുരാവസ്തു സാമ്പിളുകൾ' എന്ന തെറ്റായ വിലാസം നൽകിയാണ് വിൽപനക്കാർ സുരക്ഷാ പരിശോധനകളെ മറികടക്കുന്നത്.
ബ്രിട്ടനിൽ മനുഷ്യ അവശിഷ്ടങ്ങളുടെ ഓൺലൈൻ വിൽപന നിരോധിക്കാൻ നിയമനിർമ്മാണം നടക്കുന്നുണ്ട്. കാനഡ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ഇത്തരം വിൽപന പൂർണ്ണമായി നിരോധിക്കണമെന്ന് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു.