കാനഡയിലെ ബാങ്കുകൾക്കും നിക്ഷേപകർക്കും വൻ സാമ്പത്തിക ഭീഷണിയായേക്കാവുന്ന 'പ്രൈവറ്റ് ക്രെഡിറ്റ്' വായ്പകളുടെ ലഭ്യത പെരുകുന്നതിൽ മുന്നറിയിപ്പുമായി രാജ്യത്തെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് കാനഡ. സാമ്പത്തിക മേഖലയിലെ കൃത്യമായ പരിശോധനകൾക്കും മേൽനോട്ടത്തിനും പുറത്തുള്ള ഇത്തരം വായ്പകളുടെ മൂല്യം അര ട്രില്യൺ ഡോളറിലെത്തിയതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.
സാധാരണയായി ബാങ്കുകളിൽ നിന്നല്ലാതെ അസറ്റ് മാനേജ്മെന്റ് കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ എന്നിവരിൽ നിന്ന് കമ്പനികൾ നേരിട്ട് പണം വായ്പയെടുക്കുന്ന രീതിയാണിത്. ബാങ്ക് വായ്പകൾ ലഭിക്കാൻ നിബന്ധനകൾ തടസ്സമാകുന്ന ഇടത്തരം കമ്പനികളാണ്, വേഗത്തിലും എളുപ്പത്തിലും പണം കണ്ടെത്താൻ ഈ വഴി തിരഞ്ഞെടുക്കുന്നത്. കനേഡിയൻ കമ്പനികൾ ഈ രീതി വലിയ തോതിൽ ഉപയോഗിക്കുന്നില്ലെങ്കിലും, അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ഇത്തരം വായ്പകൾ വൻകിട കമ്പനികളുടെ തകർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
കനേഡിയൻ ബാങ്കുകളും നിക്ഷേപകരും ചേർന്ന് 500 ബില്യൺ ഡോളറിലധികം തുകയാണ് പ്രൈവറ്റ് ക്രെഡിറ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ സിംഹഭാഗവും അമേരിക്കൻ വിപണിയിലാണ്. കഴിഞ്ഞ പത്ത് വർഷമായി കാനഡയിൽ ബാങ്ക് ഇതര വായ്പകളുടെ വിഹിതം 15 ശതമാനത്തിൽ തന്നെ തുടരുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ ഇതിനുണ്ടാകുന്ന പെട്ടെന്നുള്ള വളർച്ച വരുംനാളുകളിൽ വലിയ തിരിച്ചടിയായേക്കാം. മേയിൽ പുറത്തിറക്കിയ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിലും, കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലുമാണ് ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തിക വിദഗ്ദ്ധർ ഈ വിഷയത്തിൽ ജാഗ്രത വേണമെന്ന് വ്യക്തമാക്കിയത്.