അമേരിക്കയും കാനഡയും തമ്മിൽ നടന്നു വന്ന വ്യാപാര ചർച്ചകൾ കരാറിലെത്താതെ അവസാനിച്ചു. അവസാന നിമിഷം അമേരിക്ക മുന്നോട്ടുവെച്ച ചില വ്യവസ്ഥകളാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായതെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാര്‍ണി വ്യക്തമാക്കി. രാജ്യത്തിന് ഗുണകരമല്ലാത്ത ഒരു കരാറിലും ഒപ്പുവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിൽ നിർമ്മിക്കുന്ന കാറുകൾക്കും ട്രക്കുകൾക്കും തീരുവ ചുമത്തുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ചർച്ച പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വലിയ ട്രക്കുകളെ നികുതി ഇളവിൽ നിന്ന് ഒഴിവാക്കാൻ അമേരിക്ക ശ്രമിച്ചതാണ് കാനഡയെ ചൊടിപ്പിച്ചത്.കൂടാതെ ഇന്ത്യ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കാനഡ കരാറുകളിൽ ഏർപ്പെടുന്നത് തടയാനും അമേരിക്ക ശ്രമിച്ചു. കാനഡയുടെ സ്വതന്ത്ര വ്യാപാര നയത്തെ ബാധിക്കുന്ന ഈ നിർദ്ദേശവും അംഗീകരിക്കാൻ കാനഡ തയ്യാറായില്ല.
ക്യുബെക് പ്രവിശ്യയിലെ ഫ്രഞ്ച് ഭാഷാ നിയമങ്ങളിലും സാംസ്കാരിക സംരക്ഷണ നയങ്ങളിലും അമേരിക്ക ഇടപെടാൻ ശ്രമിച്ചതായി കാനഡ ആരോപിച്ചു. ഇത് രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കാനഡ വ്യക്തമാക്കി. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് മുൻപ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നെങ്കിലും, അവസാന നിമിഷത്തിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം കാനഡ ചർച്ചകളിൽ നിന്ന് പിന്മാറുകയായിരുന്നു.