ഔദ്യോഗിക വാഹനങ്ങളുടെ ട്രാഫിക് പിഴയായി 1.2 ലക്ഷത്തിലധികം ഡോളർ ചെലവഴിച്ച് കാൽഗറി : നയം മാറ്റത്തിനെതിരെ വിമർശനം

By: 600110 On: Aug 22, 2026, 1:07 PM

 

കാൽഗറി നഗരസഭാ വാഹനങ്ങൾ വരുത്തിവെച്ച ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,20,000 കാനഡിയൻ ഡോളറിലധികം നികുതിപ്പണത്തിൽ നിന്ന് ചിലവഴിച്ചതായി റിപ്പോർട്ട് . മുൻകാലങ്ങളിൽ നഗരസഭാ ജീവനക്കാർ തന്നെയാണ് സ്വന്തം ഔദ്യോഗിക വാഹനങ്ങൾ ഓടിക്കുമ്പോഴുണ്ടാകുന്ന പിഴകൾ ഒടുക്കിയിരുന്നത്. എന്നാൽ, മറ്റ് പ്രൊവിൻഷ്യൽ മുനിസിപ്പാലിറ്റികളിലെ യൂണിയൻ ആർബിട്രേഷൻ ഡിസിഷൻസ് അനുസരിച്ച്  2023 ഏപ്രിൽ മാസത്തിൽ സിറ്റി നയത്തിൽ വരുത്തിയ ഭേദഗതിയാണ് സാമ്പത്തിക ബാധ്യത നികുതിദായകരിലേക്ക് മാറ്റിയത്.

ജീവനക്കാരുടെ വ്യക്തിഗത നിയമലംഘനങ്ങൾക്കുള്ള സാമ്പത്തിക ബാധ്യത പൊതുജനങ്ങൾ വഹിക്കേണ്ടിവരുന്നതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. അമിതവേഗത, സിഗ്നൽ ലംഘനം തുടങ്ങിയ കാരണങ്ങളാൽ ലഭിക്കുന്ന പിഴകൾക്ക് സാധാരണക്കാരുടെ നികുതിപ്പണം വിനിയോഗിക്കുന്നത് യുക്തിസഹമല്ലെന്ന് വാർഡ് 13 കൗൺസിലർ ഡാൻ മക്ലീൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, ഗുരുതരമായ അശ്രദ്ധ, ലഹരിയുപയോഗം, ക്രിമിനൽ നിയമലംഘനങ്ങൾ എന്നിവ മൂലം ലഭിക്കുന്ന പിഴകൾക്ക് ഈ നയപരമായ ഇളവ് ബാധകമല്ലെന്ന് ഫ്ലീറ്റ് ട്രെയിനിംഗ് വിഭാഗം മാനേജർ ക്രിസ്റ്റി ഷേഫർ വ്യക്തമാക്കി.

ആറായിരത്തോളം വാഹനങ്ങളുള്ള കാൽഗറി സിറ്റിയുടെ വിപുലമായ ട്രാൻസ്പോർട്ട് നെറ്റ്‌വർക്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഷെഡ്യൂളുകൾ പാലിക്കുന്നതിനായി ഡ്രൈവർമാർ നേരിടുന്ന സമയസമ്മർദ്ദമാണ് നിയമലംഘനങ്ങൾക്ക് വഴിവെക്കുന്നതെന്ന് ട്രാൻസിറ്റ് യൂണിയൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ, ഗതാഗത സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് കൃത്യസമയം പാലിക്കാൻ നഗരസഭ നിർദ്ദേശിക്കാറില്ലെന്നും ഡിഫെൻസീവ് ഡ്രൈവിംഗ്  തത്ത്വങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്നും കാൽഗറി ട്രാൻസിറ്റ് വിശദീകരിച്ചു.