കാനഡയിലെ നോർത്ത് ഈസ്റ്റ് കാൽഗറി മേഖലയിൽ നിർമ്മാണ അവശിഷ്ടങ്ങളും ഗാർഹിക മാലിന്യങ്ങളും അനധികൃതമായി തള്ളുന്നത് പ്രദേശവാസികൾക്കും നഗരസഭാ അധികൃതർക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നു. സാഡിൽറിഡ്ജ് ഉൾപ്പെടെയുള്ള റസിഡൻഷ്യൽ ഏരിയകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് വൻതോതിൽ മാലിന്യം തള്ളുന്നത് കണ്ടുവരുന്നത്. പഴയ ഫർണിച്ചറുകൾ, ഡ്രൈവാളുകൾ, നിർമ്മാണ സാമഗ്രികൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ റോഡരികുകളിൽ കുന്നുകൂടുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
മേഖലയിലെ വികസനപ്രവർത്തനങ്ങൾ നടക്കുന്ന വിജനമായ ഇടങ്ങളുടെ ആനുകൂല്യം മുതലെടുത്താണ് രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം നടക്കുന്നത്. പ്രദേശത്തെ കെട്ടിട നിർമ്മാതാക്കളും കൺസ്ട്രക്ഷൻ കമ്പനികളും സ്വന്തം ചെലവിൽ ഒന്നിലധികം തവണ മാലിന്യം നീക്കം ചെയ്തെങ്കിലും വീണ്ടും സമാന സാഹചര്യം ആവർത്തിക്കുകയാണ്. അനധികൃത മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ ഉടൻ കൈമാറണമെന്നും, സ്ഥിരം നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
വിഷയത്തിൽ കാൽഗറി സിറ്റി അധികൃതർ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ ഉദ്യോഗസ്ഥരെ നിയോഗിച്ചും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുറ്റക്കാർക്ക് 10,000 കാനഡിയൻ ഡോളർ വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ജനങ്ങൾ തങ്ങളുടെ പരിസരത്ത് ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹന രജിസ്ട്രേഷൻ നമ്പറും ദൃശ്യങ്ങളും സഹിതം സിറ്റിയുടെ 311 സേവന നമ്പറിലേക്ക് വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.