കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ ഫലങ്ങൾ പുറത്ത്

By: 600110 On: Aug 22, 2026, 12:48 PM

 

 

കാനഡയിലെ പൊതുജന ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഏറ്റവും പുതിയ ദേശീയ സർവേ ഫലങ്ങൾ . രാജ്യത്തെ 63 ശതമാനം ജനങ്ങളും തങ്ങളുടെ പ്രവിശ്യകളിലെ ആരോഗ്യ പരിപാലന സംവിധാനം ഗുരുതരമായ അവസ്ഥയിലാണെന്ന് വിശ്വസിക്കുന്നു. അബാക്കസ് ഡാറ്റയും  റിസർച്ച് കോയും നടത്തിയ സർവേയിലാണ് വിവരങ്ങളുള്ളത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും  ക്ഷാമവും ആശുപത്രികളിലെ ദീർഘനേരത്തെ കാത്തിരിപ്പുമാണ് ജനങ്ങളെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ഏകദേശം 55 ശതമാനം ആളുകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മോശമായതായി അഭിപ്രായപ്പെട്ടു.
ചികിത്സാ രംഗത്തെ ഈ കാത്തിരിപ്പ് കാരണം ലക്ഷക്കണക്കിന് രോഗികളാണ് എമർജൻസി  വിഭാഗങ്ങളിൽ  മണിക്കൂറുകളോളം ദുരിതത്തിലാകുന്നത്. കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അടിയന്തര വിഭാഗങ്ങളിലെത്തുന്ന പത്തിലൊരാൾ എന്ന അനുപാതത്തിൽ ആളുകൾക്ക് തുടർ ചികിത്സ ലഭിക്കാൻ രണ്ടുദിവസത്തിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്. രോഗികളുടെ വർധനവും ജീവനക്കാരുടെ കുറവും കാരണം ഡോക്ടറെ കാണാൻ സാധിക്കാതെ 12 ലക്ഷത്തോളം പേരാണ് ഒരു വർഷത്തിനിടെ പരിശോധന പൂർത്തിയാക്കാതെ മടങ്ങിയത്. ബ്യൂറോക്രസിയും ഭരണപരമായ പോരായ്മകളുമാണ് നിലവിലെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് 12 ശതമാനം പേർ ചൂണ്ടിക്കാണിക്കുന്നു.
സംവിധാനങ്ങളിൽ വലിയ അതൃപ്തിയുണ്ടെങ്കിലും പൊതുജന പിന്തുണയുള്ള ചികിത്സാ മാതൃകയിൽ കാനഡക്കാർ ഇപ്പോഴും വിശ്വാസം അർപ്പിക്കുന്നുണ്ട്. സാമ്പത്തിക ശേഷിയേക്കാൾ വ്യക്തിഗത ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സൗജന്യ ആരോഗ്യ സേവനമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്ത്വമെന്ന് 85 ശതമാനം പേരും അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയുടെ കടന്നുവരവ് ചികിത്സ ചെലവ് കൂട്ടുമെന്നും സാധാരണക്കാർക്ക് സേവനങ്ങൾ അപ്രാപ്യമാക്കുമെന്നും ഭൂരിഭാഗം ആളുകളും ആശങ്കപ്പെടുന്നു. നിലവിലെ സംവിധാനം പുനഃസംഘടിപ്പിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.