കാനഡയിലെ മോൺട്രിയലിൽ സ്‌കൂളിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച ഇയാളെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ആക്രമണത്തിൻ്റെ ആസൂത്രണത്തിനായി ഇയാൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചതായാണ് സൂചന. കൂടാതെ, ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെ മുസ്‌ലിംകൾ, ഹെയ്തിയൻ സമൂഹം, എൽ.ജി.ബി.ടി.ക്യു+ വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ചതായും പോലീസ് വക്താവ് എൻസൈൻ എറിക് ഗാസ് അറിയിച്ചു.
ദേശീയ സുരക്ഷ ഉറപ്പാക്കുന്ന സംയുക്ത അന്വേഷണ സംഘമാണ് (INSET) ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി വസതിയിൽ തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
സംശയാസ്പദമായ നീക്കങ്ങൾ തടയുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനുമായി നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ശനിയാഴ്ച ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും, തുടർപരിശോധനകൾക്ക് ശേഷം കൃത്യമായ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.