റോഡിൽ വിമാനം ഇടിച്ചിറങ്ങി; കാറിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു!

By: 600110 On: Aug 22, 2026, 8:10 AM

 

തിരക്കേറിയ റോഡിലേക്ക് ചെറുവിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തുന്നതിനിടയിൽ കാറുകളിൽ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള പ്രിൻസ് ജോർജിലാണ് സംഭവം. രണ്ട് വാഹനങ്ങളിലാണ് വിമാനം ഇടിച്ചത്. അപകടത്തിൽ മറ്റൊരു ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബീച്ച് കിംഗ് എയർ 200 ഇനത്തിൽപ്പെട്ട പ്രൊപ്പല്ലർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റോഡിലൂടെ വേഗത്തിൽ പാഞ്ഞുവന്ന വിമാനം തൻ്റെ വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നെന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കാർ ഡ്രൈവർ ജെയ്മി പൗല്യൂക്ക് പറഞ്ഞു. ഇടിച്ചതിൻ്റെ ആഘാതത്തിൽ കാറിൻ്റെ മേൽക്കൂര തകരുകയും, ലോഹഭാഗങ്ങൾ പിൻസീറ്റിലേക്ക് തുളച്ചുകയറുകയും ചെയ്തു. കണ്ണാടി ചില്ലുകൾ തെറിച്ച് ശരീരത്തിൽ നിസ്സാര പരിക്കുകൾ മാത്രമാണ് ഇയാൾക്കുള്ളത്. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പിന്നീട് വിട്ടയച്ചു.

വിമാനാപകടത്തെക്കുറിച്ച് ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവറാണ് ദാരുണമായി കൊല്ലപ്പെട്ടത്.