വ്യാജ രേഖകൾ ചമച്ച് നിരവധി ആളുകൾക്ക് കാനഡയിലേക്ക് വിസ സംഘടിപ്പിച്ചു നൽകിയ കേസിൽ 42-കാരനായ മോൺട്രിയൽ സ്വദേശി അബുൽ കാസിമിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
2022 ജനുവരി മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ അറുപതോളം ആളുകൾക്ക് വ്യാജ വിസയും അഭയാർത്ഥി അപേക്ഷകളും തയ്യാറാക്കാൻ സഹായിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ, വ്യാജമായി ഉണ്ടാക്കിയ വിസകൾ ഉപയോഗിച്ച് 53 പേരെ കാനഡയിൽ നിയമവിരുദ്ധമായി പ്രവേശിപ്പിക്കാനും തങ്ങാനും ഇയാൾ വഴിയൊരുക്കിയതായി അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.
നാല് വ്യാജ കനേഡിയൻ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് സ്പോൺസർഷിപ്പ് കത്തുകൾ നിർമ്മിച്ച് ഇയാൾ തട്ടിപ്പ് നടത്തിയതായും കണ്ടെത്തലുണ്ട്. കാനഡ, ഫ്രാൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഓഫീസുകളുള്ള പ്രമുഖ ഇമിഗ്രേഷൻ കൺസൾട്ടൻ്റാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ പ്രവർത്തനം. 2025 മേയിൽ ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പോലീസ് കണ്ടെത്തിയിരുന്നു. ഗൂഢാലോചന, നിയമവിരുദ്ധ പ്രവേശനത്തിന് വഴിയൊരുക്കൽ, വ്യാജ പാസ്‌പോർട്ട് ഉപയോഗം ഉൾപ്പെടെ അഞ്ച് ഗുരുതരമായ കുറ്റങ്ങളാണ് കാസിമിനെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാൽ 2025 ജൂണിൽ കാസിം കാനഡയിൽ നിന്ന് വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്.