പ്രസാദ് തീയാടിക്കല്‍
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയില്‍ അഞ്ചുവയസ്സുകാരി മരിച്ച സംഭവം നാടിനെ നടുക്കി. ആര്യ കല്‍സാരിയ (5) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൂറത്തിലെ റനുജാധാം സൊസൈറ്റിയില്‍ താമസിക്കുന്ന അശോക്ഭായ് കല്‍സാരിയയുടെ കുടുംബം ഓഗസ്റ്റ് 15-ന് Sheetal Restaurantല്‍ നിന്ന് കജു പനീര്‍ ഉള്‍പ്പെടെയുള്ള ഭക്ഷണം വാങ്ങി വീട്ടില്‍ കഴിച്ചിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.
അശോക്ഭായ്, ഭാര്യ, മൂന്ന് പെണ്‍മക്കള്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി ബാധിച്ച അഞ്ചുവയസ്സുകാരി ആര്യയുടെ ആരോഗ്യനില വഷളാവുകയും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയും ചെയ്തു. മറ്റ് കുടുംബാംഗങ്ങള്‍ ചികിത്സയിലൂടെ സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചു. ഗുജറാത്ത് ആരോഗ്യ മന്ത്രി പ്രഫുല്‍ പന്‍ഷേരിയയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബന്ധപ്പെട്ട റെസ്റ്റോറന്റ് സീല്‍ ചെയ്യുകയും ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.