ലോകത്തിൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ച് മില്യൺ കടന്നു

By: 600007 On: Nov 1, 2021, 8:21 PM

കോവിഡ് മൂലമുള്ള ആഗോള മരണസംഖ്യ തിങ്കളാഴ്ച അഞ്ച് ദശലക്ഷം കടന്നു. യുഎസിൽ മാത്രം 745,000-ത്തിലധികം ആളുകളാണ് കോവിഡ് മൂലം മരണപ്പെട്ടത്. റഷ്യ, ഉക്രെയ്ൻ, കിഴക്കൻ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ ആണ് ഇപ്പോൾ കോവിഡ് വ്യാപിക്കുന്നത്. ഇവിടങ്ങളിൽ കിംവദന്തികളും തെറ്റായ വിവരങ്ങളും സർക്കാരിലുള്ള അവിശ്വാസവും ജനങ്ങളെ വാക്‌സിനേഷനിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉക്രെയ്നിൽ പ്രായപൂർത്തിയായ ജനസംഖ്യയുടെ 17 ശതമാനവും അർമേനിയയിൽ ഏഴു ശതമാനം പേർ മാത്രമാണ് പൂർണമായി വാക്സിനേഷൻ എടുത്തിട്ടുള്ളത്. 1.3 ബില്യൺ ജനങ്ങളുള്ള ആഫ്രിക്കയാണ് ലോകത്തിലെ ഏറ്റവും കുറവ് വാക്സിനേഷൻ ഉള്ള പ്രദേശം.

ഇന്ത്യയിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം രൂക്ഷമായിരുന്നുവെങ്കിലും ഇപ്പോൾ പ്രതിദിന മരണനിരക്ക്  റഷ്യയെക്കാളും യുഎസിനെക്കാളും ബ്രിട്ടനെക്കാളും വളരെ കുറവാണ്. അമേരിക്കയും കാനഡയും പോലുള്ള രാജ്യങ്ങൾ ഇതിനകം തന്നെ ബൂസ്റ്റർ ഡോസുകൾ നൽകി തുടങ്ങിയിട്ടുണ്ട്. കോവാക്സ് വാക്‌സിൻ പങ്കിടൽ പദ്ധതിയുടെ ഭാഗമായി 10 മില്യൺ മോഡേണ കോവിഡ് വാക്‌സിനുകൾ നൽകുമെന്നും  ആഫ്രിക്കയിൽ എംആർഎൻഎ വാക്‌സിന്റെ നിർമ്മാണ കേന്ദ്രം ആരംഭിക്കാൻ 15 മില്യൺ ഡോളറും കാനഡ സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശനിയാഴ്ച ജി 20 സമ്മിറ്റിൽ പ്രഖ്യാപിച്ചിരുന്നു.