നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 18-ാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഡാലസില്‍ പ്രൗഢോജ്ജ്വല തുടക്കം: ഭദ്രാസനാധ്യക്ഷന്‍ തിരിതെളിച്ചു

By: 600002 On: Aug 21, 2026, 7:23 PM



 

പി പി ചെറിയാന്‍

ഡാലസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18ാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഡാലസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ഭക്തിനിര്‍ഭരമായ തുടക്കം. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 700-ല്‍ പരം പ്രതിനിധികളാണ് ആദ്യദിന പരിപാടികളില്‍ പങ്കെടുത്തത്.

വൈകുന്നേരം 5:15-ന് ആരംഭിച്ച പ്രൗഢമായ ഘോഷയാത്രയോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് റവ. എബ്രഹാം വി. സാംസണ്‍ സ്വാഗതവും ആമുഖ സന്ദേശവും നല്‍കി. ഭദ്രാസനാധ്യക്ഷന്റെ അധ്യക്ഷ പ്രസംഗത്തിനും ഉദ്ഘാടനത്തിനും ശേഷം കോണ്‍ഫറന്‍സിന്റെ തീം സോങ് അവതരിപ്പിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ജോയല്‍ സാമുവല്‍ തോമസ്, ങഠഢഋഅ വൈസ് പ്രസിഡന്റ് റവ. ആശിഷ് തോമസ്, ഭദ്രാസന സെക്രട്ടറി ശ്രീ. ജോര്‍ജ് വര്‍ഗീസ്, കൊപ്പല്‍ സിറ്റി കൗണ്‍സില്‍മാന്‍ ശ്രീ. ബിജു മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രൊഫ. സോമന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് സ്മരണികയുടെ പ്രകാശനം നിര്‍വ്വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. സാം അലക്‌സ് കൃതജ്ഞത രേഖപ്പെടുത്തി. റവ. എം. പി. യോഹന്നാന്റെ പ്രാര്‍ത്ഥനയ്ക്കും റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയുടെ ആശീര്‍വാദത്തിനും ശേഷം രാത്രി 7:00 മണിയോടെ പ്രാരംഭദിന ചടങ്ങുകള്‍ അവസാനിച്ചു.

വചന ണ്ഡിതന്‍ റവ. ഡോ. മോത്തി വര്‍ക്കിയുടെ വചനശുശ്രൂഷയും പ്രാര്‍ത്ഥനയും പ്രതിനിധികള്‍ക്ക് വലിയ ആത്മീയ ഉണര്‍വ് സമ്മാനിച്ചു. റവ. റോബിന്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ഷാജി എസ്. രാമപുരം (ജനറല്‍ കണ്‍വീനര്‍), ഫിലിപ്പ് മാത്യു (കോ-കണ്‍വീനര്‍), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറര്‍), സുമ എബ്രഹാം (അക്കൗണ്ടന്റ്) എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍, അക്കോമഡേഷന്‍ കമ്മിറ്റികളുടെയും മികച്ച കോര്‍ഡിനേഷന്‍ കാരണം ആദ്യ ദിന പരിപാടികള്‍ സുഗമമായി പൂര്‍ത്തിയായി. ഓഗസ്റ്റ് 23 വരെ തുടരുന്ന കോണ്‍ഫറന്‍സില്‍ വരും ദിവസങ്ങളിലും വൈവിധ്യമാര്‍ന്ന ആത്മീയ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.