നയാഗ്രയിലെ ആരോഗ്യരംഗത്തിന് കരുത്തേകാന്‍ ശര്‍മ്മ കുടുംബത്തിന്റെ 5 ലക്ഷം ഡോളര്‍ സംഭാവന

By: 600002 On: Aug 21, 2026, 4:47 PM




പ്രസാദ് തീയാടിക്കല്‍

നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭാവി വികസനത്തിന് പിന്തുണയുമായി വിശ്വ ശര്‍മ്മയും കമലേഷ് ശര്‍മ്മയും. Niagara Health Foundation-ന് 500,000 കനേഡിയന്‍ ഡോളറിന്റെ (5 ലക്ഷം ഡോളര്‍) സംഭാവന നല്‍കിയാണ് ശര്‍മ്മ കുടുംബം മാതൃകയായത്.

കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി നയാഗ്രയുടെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് വിശ്വയും കമലേഷ് ശര്‍മ്മയും. 1960-കളുടെ അവസാനത്തില്‍ നയാഗ്രയിലെത്തിയ ദമ്പതികള്‍ കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിനൊപ്പം പ്രദേശത്തിന്റെ സാമൂഹിക വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു.

നയാഗ്രയിലെ ആദ്യ ഹിന്ദു ക്ഷേത്രം സ്ഥാപിക്കുന്നതില്‍ നേതൃത്വം നല്‍കിയതാണ് ഇവരുടെ ശ്രദ്ധേയമായ സംഭാവനകളിലൊന്ന്. ദക്ഷിണേഷ്യന്‍ സമൂഹം വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലായിരുന്ന കാലത്ത് സ്ഥാപിതമായ ക്ഷേത്രം ആരാധനാലയം എന്നതിലുപരി കുടുംബങ്ങള്‍ക്കും പുതുതായി എത്തുന്നവര്‍ക്കും ഒത്തുചേരാനും സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കാനുമുള്ള പ്രധാന കേന്ദ്രമായി മാറി.

ഇപ്പോള്‍ ആരോഗ്യരംഗത്തേക്കും തങ്ങളുടെ സേവനപാരമ്പര്യം വ്യാപിപ്പിച്ചിരിക്കുകയാണ് ശര്‍മ്മ കുടുംബം. ചശമഴമൃമ ഒലമഹവേ എീൗിറമശേീിന് നല്‍കിയ 5 ലക്ഷം ഡോളറിന്റെ സംഭാവന നയാഗ്ര മേഖലയിലെ ആരോഗ്യസേവനങ്ങള്‍, നൂതന ചികിത്സാ സംവിധാനങ്ങള്‍, രോഗീപരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മുന്‍ഗണനാ പദ്ധതികള്‍ക്ക് വിനിയോഗിക്കും.

''നയാഗ്ര ഞങ്ങളുടെ കുടുംബത്തിന് ഒരുപാട് നല്‍കിയിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ജീവിതം കെട്ടിപ്പടുത്തു, മക്കളെ വളര്‍ത്തി, കുടുംബം വളരുന്നത് കണ്ടു. ഈ സമൂഹത്തിന് തിരികെ നല്‍കാനുള്ള ഞങ്ങളുടെ മാര്‍ഗമാണ് ആരോഗ്യരംഗത്തെ പിന്തുണയ്ക്കുന്നത്. വരുംതലമുറകള്‍ക്കായി നയാഗ്രയെ കൂടുതല്‍ ശക്തമാക്കാന്‍ മറ്റുള്ളവര്‍ക്കും ഞങ്ങളുടെ കുടുംബത്തിന്റെ യാത്ര പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു,'' വിശ്വയും കമലേഷ് ശര്‍മ്മയും പറഞ്ഞു.

ശര്‍മ്മ കുടുംബത്തിന്റെ സംഭാവനയെ Niagara Health Foundation പ്രസിഡന്റ് & സി.ഇ.ഒ. ആന്‍ഡ്രിയ സ്‌കോട്ട് അഭിനന്ദിച്ചു. ''സാമൂഹിക നേതൃത്വത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മികച്ച മാതൃകയാണ് ശര്‍മ്മ കുടുംബം. ഏകദേശം 60 വര്‍ഷമായി അവര്‍ നയാഗ്രയില്‍ നിക്ഷേപിക്കുകയും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. അവരുടെ അസാധാരണമായ ഉദാരത നയാഗ്രയിലെ ആരോഗ്യപരിചരണ രംഗത്ത് ദീര്‍ഘകാല സ്വാധീനം ചെലുത്തും,'' അവര്‍ പറഞ്ഞു.

സെന്റ് കാതറീന്‍സ്, നയാഗ്ര ഫാള്‍സ്, വെല്ലാന്‍ഡ്, ഫോര്‍ട്ട് എറി, പോര്‍ട്ട് കോള്‍ബോണ്‍ എന്നിവിടങ്ങളിലെ Niagara Health ആശുപത്രികളിലെ രോഗീപരിചരണത്തിനായി ധനസമാഹരണം നടത്തുന്ന സംഘടനയാണ് Niagara Health Foundation. മെഡിക്കല്‍ ഉപകരണങ്ങള്‍, ആധുനിക സാങ്കേതികവിദ്യ, ആശുപത്രി സൗകര്യങ്ങളുടെ വികസനം തുടങ്ങിയവയ്ക്കാണ് ഫൗണ്ടേഷന്‍ പ്രധാനമായും സഹായം നല്‍കുന്നത്.

സാമൂഹിക സേവനത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും പതിറ്റാണ്ടുകളായി നയാഗ്രയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വ-കമലേഷ് ശര്‍മ്മ ദമ്പതികളുടെ 5 ലക്ഷം ഡോളറിന്റെ പുതിയ സംഭാവന പ്രദേശത്തെ ആരോഗ്യരംഗത്തിന് കരുത്തേകുന്ന സുപ്രധാന സഹായമായി മാറും.